റാണിപുരവും ബേക്കലും സന്ദർശിച്ച് ചീഫ് സെക്രട്ടറി

Thursday 28 August 2025 10:03 PM IST

കാസർകോട്: പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാസർകോട്ടെ റാണിപുരം മലനിരകളും ബേക്കൽ ബീച്ചും സന്ദർശിച്ച് ചീഫ് സെക്രട്ടറി ഡോ. എം ജയതിലകൻ. ചീഫ് സെക്രട്ടറി ആയതിന് ശേഷം ആദ്യമായി ഇന്നലെ രാവിലെ കാസർകോട് എത്തിയ ചീഫ് സെക്രട്ടറി ഉച്ചയോടെയാണ് കുടക്മലകളോട് ചേർന്നുനിൽക്കുന്ന റാണീപുരത്ത് എത്തിയത്.

വന്യജീവികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥ കൂടിയായ നിബിഡവനങ്ങളും പുൽമേടുകളും കൊണ്ട് സമ്പന്നമായ റാണീപുരത്തെ കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹംതലക്കാവേരിയിലേക്ക് ട്രക്കിംഗ് സംവിധാനം ഒരുക്കുന്നതിനുള്ള സാദ്ധ്യത ആലോചിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന കാസർകോട് കളക്ടർ കെ. ഇമ്പശേഖരൻ, ബി. ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് എന്നിവരോട് നിർദ്ദേശിച്ചു.റാണിപുരത്തേക്ക് എത്തുന്ന സഞ്ചാരികളെക്കുറിച്ച് വനം സംരക്ഷണ സമിതി പ്രസിഡന്റ് എം.മധുസൂദനനിൽ നിന്നും ചീഫ് സെക്രട്ടറി വിവരഞ്ഞളാരാഞ്ഞു. റാണിപുരത്തെ ട്രക്കിംഗിനെക്കുറിച്ചും ചീഫ് സെക്രട്ടറി ചോദിച്ചറിഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനാൽ അദ്ദേഹം ട്രക്കിംഗ് നടത്തിയില്ല .റാണിപുരത്തെ വന വിഭവങ്ങളുടെ ഷോപ്പും ഡി.ടി.പി.സി റിസോർട്ടും സന്ദർശിച്ച ശേഷം മടങ്ങിയ അദ്ദേഹം കാസർകോട്ടെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കലിലെ ബീച്ച് പാർക്കും സന്ദർശിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ കടലാക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ബി.ആർ.ഡി.സി നൽകിയ 'ശീമയാൾ ' എന്ന റബ്ബർ പ്ലാന്റ് ചീഫ് സെക്രട്ടറി ബീച്ച് പാർക്കിൽ നട്ടു. ബേക്കൽ ബീച്ച് പാർക്കിന്റെ പാക്കേജ് ബ്രോഷർ ചീഫ് സെക്രട്ടറി പാർക്ക് ഡയറക്ടർ അനസ് മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു.

ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ബി.ആർ.ഡി.സി ബോർഡ് യോഗം ബേക്കൽ റീസോർട്സ് ഡവലപ്‌മെന്റ് കോർപറേഷൻ ബോർഡ് യോഗവും ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ബേക്കലിൽ നടന്നു. ഇതാദ്യമായാണ് ബേക്കലിൽ ബോർഡ് യോഗം ചേർന്നിരുന്നത്. ബേക്കൽ താജ് ഗേറ്റ് വേ റിസോർട്ടിൽ ചേർന്ന യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ബി.ആർ.ഡി.സി. എം.ഡി. ഷിജിൻ പറമ്പത്ത് എന്നിവർ പങ്കെടുത്തു. ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ഓണലൈനായും യോഗത്തിൽ സംബന്ധിച്ചിരുന്നു.

.