ദേശീയപാത നവീകരണം: പുന്നമടയിലെ ഖനനത്തിന് വെല്ലുവിളികളേറെ

Friday 29 August 2025 7:13 AM IST

ആലപ്പുഴ: ദേശീയപാത നവീകരണത്തിന് പുന്നമടയിലെ ദേശീയ ജലപാതയിൽ നിന്ന് മണലെടുക്കാൻ അനുമതി ലഭിച്ചെങ്കിലും വെല്ലുവിളികളേറെ. വേമ്പനാട്ട് കായലിനോട് ചേർന്നുകിടക്കുന്ന പുന്നമട ജലപാതയിൽ നിന്ന് അഞ്ചുലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഖനനം

ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ, പ്രതികൂല സാഹചര്യം കാരണം ആറുമാസം കൊണ്ട്

ഖനനം ചെയ്യാൻ കഴിഞ്ഞത് അരലക്ഷം ക്യുബിക് മീറ്റർ മണ്ണ് മാത്രമാണ്. പുന്നമടയിലെ സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം ജലപാതയ്ക്ക് പടിഞ്ഞാറ് 3.5 കിലോമീറ്റർ ഭാഗം മൂന്നുമീറ്റർ ആഴത്തിൽ ഖനനം ചെയ്യാനാണ് അനുമതി. ഡ്രഡ്ജറിന്റെ തകരാറും കാലവർഷവും കാരണം നിർത്തിവച്ചിരുന്ന ഖനനം ഏതാനും ദിവസം മുമ്പാണ് പുനരാരംഭിച്ചത്. കലവൂർ കെ.എസ്.ഡി.പിയുടെ ഭാഗത്തെ അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഉൾപ്പടെ ഇവിടെ നിന്നുള്ള മണ്ണാണ് ഉപയോഗിച്ചത്.

എതിർപ്പുമായി കുട്ടനാട്ടിലെ കർഷകർ

1.കായൽ ഖനനസ്ഥലത്തേക്ക് വലിയ വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്തതും ഖനനം ചെയ്തെടുക്കുന്ന മണ്ണ് സൂക്ഷിക്കാൻ ആവശ്യമായ യാർഡുകളില്ലാത്തതുംപ്രശ്നമാണ്. കട്ടികുറഞ്ഞ പൂഴി മണ്ണായതിനാൽ ദേശീയ പാത നിർമ്മാണത്തിൽ ചതുപ്പുകളും മറ്റും നികത്തുന്നതിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂ

2.ഖനനം പരിസ്ഥിതിയെയും കുട്ടനാട്ടിലെ നെൽകൃഷിയെയും ദോഷകരമായി ബാധിക്കുമെന്ന പ്രചാരണം കാരണം പ്രാദേശികമായി ഉയർന്നുവന്ന എതിർപ്പും വെല്ലുവിളിയായിട്ടുണ്ട്. പറവൂർ- തുറവൂർ റീച്ചിലേക്കാണ് ഇവിടെ നിന്നുള്ള മണ്ണ് എത്തിക്കുന്നത്.

3.കായലിലെ നിശ്ചിത സ്ഥലത്ത് നിന്ന് മാത്രം മണ്ണ് ഖനനം ചെയ്യുന്നത് മത്സ്യസമ്പത്തിന് ഭീഷണിയല്ലെങ്കിലും കക്കയുടെ പ്രജനനത്തെ ഇത് ബാധിക്കുമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. വേമ്പനാട്ട് കായലിൽ മുമ്പ് പുന്നമടയിലും പരിസരത്തും സുലഭമായി ലഭിച്ചുകൊണ്ടിരുന്നത്ര കക്ക ഇപ്പോൾ മുഹമ്മ, തണ്ണീർ മുക്കം ഭാഗത്തുമാത്രമാണ് ലഭിക്കുന്നത്

4. കാലാവസ്ഥാ വ്യതിയാനവും വൃശ്ചിക വേലിയേറ്റവും കാരണം പ്രതിസന്ധിയിലായ നെൽകൃഷിയെ ഡ്രഡ്ജിംഗ് ദോഷകരമായി ബാധിക്കുമെന്ന നിലപാടിലാണ് നെൽകർഷകർ. കുട്ടനാട്ടിലെ കൃഷിയും ജലലഭ്യതയും ഡ്രഡ്ജിംഗിൽ ഇല്ലാതാകുമെന്നും അവർ ആവർത്തിക്കുന്നു.