ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയണിയും മൊഹസിനും നംഷീദും
തലശേരി: സെപ്തംബർ 27 മുതൽ ഒക്ടോബർ 4 വരെ ശ്രീലങ്കയിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായി കണ്ണൂർ ജില്ലക്കാരായ നംഷീദ് വയപ്പ്രത്തും മൊഹസിൻ നടമ്മലും.ലോക ഇൻഡോർ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് പുറമെ ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ, യു.എ.ഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ മുന്നിലുള്ള നാല് ടീമുകൾക്കാണ് പ്ലേ ഓഫ്.
ഇതാദ്യമല്ല ഇരുവരും ഇൻഡോർ ക്രിക്കറ്റിൽ ഇന്ത്യൻ ജഴ്സി അണിയുന്നത്. 2022ൽ ആസ്‌ട്രേലിയയിൽ നടന്ന ലോകകപ്പിലും ഇരുവരും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അന്ന് ന്യൂസിലാൻഡിനോട് പരാജയപ്പെട്ട ഇന്ത്യ മൂന്നാംസ്ഥാനത്തായിരുന്നു. ആതിഥേയരായരായിരുന്നു ചാമ്പ്യന്മാർ. എട്ട് ഓവർ വീതമാണ് ഓരോ മത്സരവും. ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് സ്റ്റെപംബർ 10 മുതൽ 23 വരെ ബംഗളൂരുവിൽ നടക്കും. ദൈവിക് റായിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
വേഗക്കാരൻ നംഷീദ്
2022 വേൾഡ് കപ്പിൽ 19 വിക്കറ്റ് വീഴ്ത്തി ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളാറായത് നംഷീദിണ്. വലതുകൈയ്യൻ ടോപ് ഓർഡർ ബാറ്റർ കൂടിയായ നംഷീദ് മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനടുത്ത് ഗ്രീഷ്മത്തിൽ എൻ.ഇസ്മായിലിന്റെയും വി.ഖദീജയുടേയും മകനാണ് നംഷീദ് തലശേരിയിൽ ടാൻ സ്പോർട്സ് എന്ന സ്‌പോർട്സ് കടയുടമയാണ്. ഭാര്യ:ടി.സി.അഫ്രീന റസ്മി, മക്കൾ:സിദാൻ, മെഹ്സ.
മൊഹസിൻ നടമ്മൽ
വലതുകൈയ്യൻ ടോപ് ഓർഡർ ബാറ്ററും പേസ് ബൗളറുമായ മൊഹസിൻ നല്ലൊരു വിക്കറ്റ് കീപ്പറുമാണ്. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ്‌ബാൾ, ഹോക്കി, ഹാൻഡ്‌ബാൾ ടീമംഗമായിരുന്നു. മേലൂർ പാറപ്രം ബൈത്തുൽ ഫാത്തിമയിൽ പി.പി.മൊയ്തുവിന്റെയും ഹസീനയുടെയും മകനാണ്. ബിരുദധാരിയായ മൊഹസിൻ ഇപ്പോൾ ദുബൈ എ.ജി.എസ് ലോജിസ്റ്റിക്സിൽ ട്രാൻസ്‌പോർട്ട് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് .