ആഷിക്കും ഭാര്യ ഷഹാനയും സുഹൃത്തിന്റെ ഭാര്യ ഹരിതയും; കേരളത്തിലെത്തിയതിന് തൊട്ടുപിന്നാലെ പൂട്ടി
തൃശൂര്‍: ബംഗളൂരൂവില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയില്‍. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് ആണ് സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്തമായ ഓപ്പറേഷനില്‍ പ്രതികളെ പിടികൂടിയത്. രണ്ട് സ്ത്രീകളേയും ഒരു യുവാവിനേയുമാണ് പിടികൂടിയത്. എറണാകുളം സ്വദേശി ആഷിക്, ഇയാളുടെ ഭാര്യ പത്തനാപുരം സ്വദേശി ഷഹാന, ആഷിക്കിന്റെ സുഹൃത്തിന്റെ ഭാര്യ തൃശൂര്‍ മാള സ്വദേശി ഹരിത എന്നിവരാണ് പിടിയിലായത്.
105 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. തൃശൂരില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാരക മയക്കുമരുന്നുവേട്ടയാണിത്. ബംഗളൂരുവില്‍നിന്ന് ട്രെയിനിലാണ് എം.ഡി.എം.എ എത്തിച്ചത്.
തൃശൂരിലിറങ്ങിയശേഷം ഗുഡ്‌സ് ഷെഡിനു സമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയയാളെക്കൂടി പിടികൂടാനായിരുന്നു പൊലീസിന്റെ ശ്രമമെങ്കിലും അതിനു സാധിച്ചില്ല. പിടിയിലായവരുടെ ഫോണ്‍ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.