ജനനി പദ്ധതിയിൽ ജനിച്ചത് 172 കുഞ്ഞുങ്ങൾ
Friday 29 August 2025 12:00 AM IST
തൃശൂർ: ദാമ്പത്യം വർഷങ്ങൾ പിന്നിട്ടിട്ടും ചികിത്സകൾ നടത്തിയിട്ടും ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം അന്യം നിന്നവർക്ക് തുണയാകുന്ന ജനനി പദ്ധതിയിലൂടെ ജില്ലയിൽ പിറന്നത് 172 കുഞ്ഞുങ്ങൾ. സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ അഭിമാന പദ്ധതിയാണ് 'ജനനി'. 2012ൽ അമ്മയും കുഞ്ഞുമെന്ന പേരിൽ കണ്ണൂരിൽ തുടങ്ങിയെങ്കിലും 2019 മുതലാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിലും ജനനി എന്ന പേരിൽ പദ്ധതിയാരംഭിച്ചത്. പൂത്തോളിലെ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ജനനി പദ്ധതിയിലൂടെ 217 പേർ ഗർഭിണികളായി, 172 കുഞ്ഞുങ്ങൾ പിറന്നു. സാമ്പത്തിക ബാദ്ധ്യതകൾ വരാതെ, പാർശ്വഫലങ്ങളില്ലാതെ ശാസ്ത്രീയ ഗർഭധാരണം സാദ്ധ്യമാക്കുന്നതാണ് ജനനി പദ്ധതി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ രണ്ട് വരെയാണ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനനി പദ്ധതിയുടെ സേവനം ലഭിക്കുക.