ആവേശപ്പോരാട്ടം നാളെ

Thursday 28 August 2025 11:54 PM IST

ആലപ്പുഴ : ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിനൊടുവിൽ ജലരാജാക്കൻമാർ നാളെ പുന്നമടക്കായലിൽ പോരിനിറങ്ങും. ആർപ്പു വിളിച്ച് ആവേശം പകരാൻ കാണികളും ഒഴുകിയെത്തും. 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ് പുന്നമടയും പരിസരവും.

21 ചുണ്ടൻമാർ ഉൾപ്പെടെ 71 കളിവള്ളങ്ങളാണ് ഇത്തവണ മേളയിൽ മാറ്റുരയ്ക്കുക. മഴ ശക്തിപ്രാപിച്ചത് കാണികളെ വലയ്ക്കാൻ സാദ്ധ്യതയുണ്ടെങ്കിലും, വള്ളങ്ങളുടെ പോരാട്ടച്ചൂടിൽ അതെല്ലാം മറക്കും. ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് നിലനിർത്താനും കൈവിട്ടുപോയ കപ്പ് തിരികെ പിടിക്കാനും ബോട്ട് ക്ളബുകാർ അരയും തലയും മുറുക്കിയുള്ള പരിശീനത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇത്തവണ കൂടുതൽ സ്പോൺസർമാരെ ലഭിച്ചതിന്റെ ആശ്വാസം സംഘാ‌ടകർക്കുമുണ്ട്. ഇന്നലെ വരെ സ്പോൺസർഷിപ്പ് തുക ഒന്നരക്കോടി പിന്നിട്ടു. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. നെഹ്റുട്രോഫി സൊസൈറ്റി നൽകുന്ന ജഴ്സി ധരിക്കാതെ മത്സരത്തിനെത്തുന്ന ടീമുകൾ ഫീസ് അടയ്ക്കണമെന്ന നിബന്ധന ശക്തമാക്കിയിട്ടുണ്ട്. ചുണ്ടൻ വള്ളങ്ങൾ ഒരു ലക്ഷം രൂപയും, മറ്റ് വള്ളങ്ങൾ അമ്പതിനായിരം രൂപയും ഇത്തരത്തിൽ ഫീസൊടുക്കണം. സൊസൈറ്റിയുടെ ജഴ്സി ധരിക്കുന്നവർ മത്സരത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഹാജരാക്കണം. ഇവർക്ക് മിച്ചം വരുന്ന തുകയിൽ നിന്ന് കൂടുതൽ പ്രോത്സാഹന തുക നൽകാൻ എൻ.ടി.ബി.ആർ യോഗത്തിൽ ധാരണയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇത്തവണ വിശിഷ്ടാതിഥിയായി പ്രതീക്ഷിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.

കലാപരിപാടികൾ ഇന്ന് സമാപിക്കും

വള്ളം കളിയുടെ ഭാഗമായി ജോൺസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാംസ്കാരിക, കലാപരിപാടികൾ ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് ആലപ്പുഴ ഗ്യാലക്സി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. തുടർന്ന് 7.30 ന് സ്റ്റീഫൻ ദേവസ്യ നയിക്കുന്ന മ്യൂസിക് ഷോ വേമ്പനാട് വൈബ്സും നടക്കും.

ഫലം പ്രവചിക്കാൻ ഇന്ന് കൂടി അവസരം

ട്രോഫി സ്വന്തമാക്കുന്ന ചുണ്ടൻ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാൻ ഇന്ന് കൂടി അവസരം. പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫൈനലിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം-2025 എന്നെഴുതണം. വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എൻട്രികളാണ് പരിഗണിക്കുക. വിലാസം: കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477 2251349.