ഉത്തരേന്ത്യയിൽ മഴക്കെടുതി, ജമ്മു കാശ്മീരിൽ മരണം 45 ആയി

Friday 29 August 2025 12:11 AM IST

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നലെയും പരക്കെ ശക്തമായ മഴ പെയ്തു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർ പ്രദേശ്, അസം സംസ്ഥാനങ്ങളിലും ഡൽഹിയിലും മഴയും വെള്ളപ്പൊക്കവും ജനങ്ങളെ ദുരിതത്തിലാക്കി. ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ജമ്മുവിലെ കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലുണ്ടായ മണ്ണിടിച്ചിലിലാണ് ഇതിൽ 35 പേർ മരിച്ചത്. ചൊവ്വാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടർന്ന് ദോഡയിൽ മൂന്നുപേരും ഉധംപൂരിൽ നാലുപേരും മരിച്ചിരുന്നു. തെക്കൻ കാശ്മീരിലെ അനന്ത്‌നാഗിൽ ഇന്നലെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 52 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കാശ്മീരിലുണ്ടായത്. ബുധനാഴ്ച മാത്രം ജമ്മുവിൽ പെയ്തത് 296 മില്ലിമീറ്റർ മഴയാണ്. 1973 ആഗസ്ത് ഒമ്പതിന് പെയ്ത 272.6 മില്ലിമീറ്റർ മഴയുടെ റെക്കോർഡാണ് തകർക്കപ്പെട്ടത്. ജമ്മു-ശ്രീനഗർ ദേശീയപാത മഴയെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. തവി നദി കരകവിഞ്ഞൊഴുകി ജമ്മു മേഖലയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ശക്തമായ മഴ തുടരുന്നതിനാൽ സത്‌ലജ്, ബിയാസ്, രവി നദികളിൽ ജലനിരപ്പുയർന്നു. ഇതേത്തുടർന്ന് പഞ്ചാബിലെ പത്താൻകോട്ട്, ഗുർദാസ്‌പൂർ, ഫസിൽക, കപുർതല, തരൺതരൺ, ഫിറോസ്‌പൂർ, ഹോഷിയാർപൂർ, അമൃത്‌സർ ജില്ലകളിലെ 528 ഗ്രാമങ്ങൾ വെള്ളത്തിലായി. എസ്.ഡി.ആർ.എഫും എൻ.ഡി.ആർ.എഫും ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പോങ്, രൺജിത് സാഗർ അണക്കെട്ടുകളിൽ ജലനിരപ്പ് പരമാവധിയിലെത്തി. ഭക്ര അണക്കെട്ടിൽ ഒമ്പത് അടി കൂടിയാണ് നിറയാൻ ബാക്കിയുള്ളത്.

ഗംഗാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആരതി, ശവസംസ്‌കാര ചടങ്ങുകൾ തടസ്സപ്പെട്ടു. ഇന്നലെ ചടങ്ങുകൾ മേൽക്കുരകളിലേക്ക് മാറ്റിയതായി ഗംഗാ സേവാ നിധി ഭാരവാഹികൾ അറിയിച്ചു.

അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിരവധി റോഡുകളും വീടുകളും വെള്ളത്തിലായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിലും സമീപ പ്രദേശങ്ങളിലും മൂന്ന് മണിക്കൂറോളം അതിതീവ്ര മഴയായിരുന്നു.

ഡൽഹിയിൽ യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയിലെത്തി. ജലനിരപ്പ് 205.39 മീറ്ററിലെത്തിയതിനാൽ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്തംബർ ഒന്ന് വരെ ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശിൽ മൂന്ന് ദിവസം തുടർച്ചയായി പെയ്ത മഴയിൽ രണ്ട് ദേശീയപാതകളടക്കം നിരവധി റോഡുകൾ ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയപാത അടച്ചു. കുളു-മണാലി പാതയിലും ഗതാഗതം തടസ്സപ്പെട്ടു.

രാജസ്ഥാനിൽ മഴയ്ക്ക് ശമനമുണ്ടായതിനെ തുടർന്ന് പ്രളയജലം ഇറങ്ങിത്തുടങ്ങി. ബുൻഡി, കോട്ട ജില്ലകളിലെ ഗ്രാമങ്ങൾ വെള്ളത്തിലായിരുന്നു. ഇവിടെ നിന്ന് നിരവധിയാളുകളെ ഒഴിപ്പിച്ചിരുന്നു. പ്രളയഭീതി ഒഴിഞ്ഞതോടെ ആളുകൾ തിരിച്ചെത്തിത്തുടങ്ങി.