ഹൈക്കമ്മിഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും

Friday 29 August 2025 12:49 AM IST

ന്യൂഡൽഹി: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹൈക്കമ്മിഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും. നിലവിൽ സ്‌പെയിനിലെ ഇന്ത്യൻ അംബാസഡറായ ദിനേഷ് കെ. പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറാകും. ക്രിസ്റ്റർ കൂട്ടറെ ഇന്ത്യയിലെ ഹൈക്കമ്മിഷണറായി കാനഡയും പ്രഖ്യാപിച്ചു.

1990 ബാച്ച് ഐ.എഫ്.എസ് ഓഫീസറായ പട്നായിക് ഇന്ത്യയിലെ മുതിർന്ന നയതന്ത്രജ്ഞരിൽ ഒരാളാണ്. 2016-2018 കാലയളവിൽ യു.കെയിലെ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായിരുന്നു. 35 വർഷമായി നയതന്ത്ര രംഗത്തുള്ള കൂട്ടർ ഇസ്രയേൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ കനേഡിയൻ പ്രതിനിധിയായിരുന്നു. 1998 - 2000 കാലയളവിൽ ഡൽഹിയിൽ കനേഡിയൻ ഹൈക്കമ്മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായിരുന്നു.

ജൂണിൽ ജി -7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങൾക്കുമിടെയിലെ നയതന്ത്ര തർക്കങ്ങൾ പരിഹരിക്കാനും വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാനും ധാരണയായിരുന്നു.

# മഞ്ഞുരുകുന്നു

 2024 ഒക്‌ടോബറിലാണ് ഇന്ത്യയും കാനഡയും ഹൈക്കമ്മിഷണർമാരെ തിരിച്ചുവിളിച്ചത്

 നടപടി പുനഃപരിശോധിക്കാൻ മോദിയും കാർണിയും ജൂണിൽ തീരുമാനിച്ചു

 കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ചതാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്

 2015 മുതൽ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ച ട്രൂഡോ രാജി വച്ചതോടെ മാർച്ചിൽ കാർണി അധികാരത്തിലെത്തി