രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതി ഇടപെട്ടില്ല

Friday 29 August 2025 1:18 AM IST

ന്യൂഡൽഹി: അസാം പൊലീസ് രജിസ്റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകൻ അഭിസാർ ശർമ്മയുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്രിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വ‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അതിനായി നാലാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി.

മാദ്ധ്യമപ്രവർത്തനത്തിലെ മികവിന് രാംനാഥ് ഗോയെങ്ക പുരസ്‌കാരവും റെഡ് ഇങ്ക് അവാർഡും ഉൾപ്പെടെ നേടിയിട്ടുണ്ട് അഭിസാർ ശർമ്മ.

അസാമിലെ മറ്റൊരു രാജ്യദ്രോഹക്കേസിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർ നൽകിയ ഹർജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് വിശദമായി വാദം കേൾക്കാൻ തീരുമാനിക്കുകയും അറസ്റ്റ്

സെപ്‌തംബർ 15 വരെ തടയുകയും ചെയ്തിരുന്നു.

ഇക്കാര്യം അഭിസാർ ശർമ്മയുടെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയെങ്കിലും ഇടപെടാൻ തയ്യാറായില്ല. ഭാരതീയ ന്യായ സംഹിതയിൽ രാജ്യദ്രോഹക്കുറ്രം വ്യവസ്ഥചെയ്യുന്ന

വകുപ്പ് 152നെ മാദ്ധ്യമപ്രവർത്തകൻ ചോദ്യം ചെയ്‌തിരുന്നു. ഇതിൽ കേന്ദ്രസർക്കാരിന് നോട്ടിസ് അയയ്ക്കാനും സമാനമായ മറ്റു ഹ‌ർജികൾക്കൊപ്പം പരിഗണിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

അസാം സർക്കാരിനെ

വിമർശിച്ചത് കുറ്റമായി

അസാമിലെ ആദിവാസി ഭൂമി സംസ്ഥാന സർക്കാർ സ്വകാര്യ കമ്പനിക്ക് കൈമാറിയതിൽ ഹൈക്കോടതി ജഡ്‌ജി സഞ്ജയ് കുമാർ മേധി പരാമർശങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വന്തം യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയാണ് കേസിന് അടിസ്ഥാനം. മുഖ്യമന്ത്രി വർഗീയവിഷം പട‌ർത്തുകയാണെന്ന് ആരോപിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി നാട്ടുകാരനായ അലോക് ബറുവ നൽകിയ പരാതിയിലാണ് കേസ്.