കീവിൽ റഷ്യൻ വ്യോമാക്രമണം: 18 മരണം
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം. നാല് കുട്ടികൾ അടക്കം 18 പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ യൂറോപ്യൻ യൂണിയൻ മിഷന്റെയും ബ്രിട്ടീഷ് കൗൺസിലിന്റെയും കെട്ടിടങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തിന് പിന്നാലെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും റഷ്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ യു.എസും യൂറോപ്പും സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചയ്ക്ക് പകരം ബാലിസ്റ്റിക് മിസൈലിനോടാണ് റഷ്യയ്ക്ക് താത്പര്യമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.
അതേ സമയം, യുക്രെയിനിലെ സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ആക്രമിച്ചെന്നാണ് റഷ്യയുടെ വിശദീകരണം. സമാധാന ചർച്ചകൾ തുടരുന്നതിൽ തങ്ങൾക്ക് ഇപ്പോഴും താത്പര്യമുണ്ടെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവിന്റെ പ്രതികരണം.
ഇതിനിടെ, തെക്കൻ റഷ്യയിലെ ക്രാസ്നോഡർ മേഖലയിലെ എണ്ണ റിഫൈനറിയിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. ഏഴിടങ്ങളിലായി 102 യുക്രെയിൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി.
# ഇരച്ചെത്തിയത് 598 ഡ്രോണുകൾ
ഇന്നലെ പുലർച്ചെ കീവ് അടക്കം യുക്രെയിനിലെ 12 പ്രദേശങ്ങളെ ലക്ഷ്യമാക്കിയത് റഷ്യയുടെ 598 ഡ്രോണുകളും 31 മിസൈലുകളും 563 ഡ്രോണുകളും 26 മിസൈലുകളും തകർത്തെന്ന് യുക്രെയിൻ കീവിലെ എല്ലാ ജില്ലകളും ആക്രമിക്കപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നു
ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങി
# റഷ്യയുടെ അർത്ഥശൂന്യമായ ആക്രമണങ്ങൾ സമാധാന പ്രതീക്ഷകളെ അട്ടിമറിക്കുന്നു.
- കിയർ സ്റ്റാമർ,
ബ്രിട്ടീഷ് പ്രധാനമന്ത്രി