സ്‌കൂൾ വെടിവയ്‌പ്: നടുക്കം മാറാതെ യു.എസ്

Friday 29 August 2025 7:17 AM IST

വാഷിംഗ്ടൺ: എട്ടും പത്തും വീതം വയസുള്ള രണ്ട് സ്കൂൾ കുട്ടികളുടെ ജീവനെടുത്ത വെടിവയ്പിന്റെ നടുക്കം മാറാതെ യു.എസ്. റോബിൻ വെസ്​‌റ്റ്‌മാൻ (23)​ എന്ന ട്രാൻസ് വുമൺ ആണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മിനീയാപൊലിസിലെ കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥനാ ചടങ്ങിനിടെ വെടിവയ്പുണ്ടായത്.

കറുത്ത വസ്ത്രവും റൈഫിളും പിസ്റ്റലുകളുമായെത്തി കുട്ടികൾക്ക് നേരെ വെടിയുതിർത്ത ശേഷം റോബിൻ ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പ്രതി നിയമപരമായി കൈവശപ്പെടുത്തിയതാണ്. തോക്കുകൾ പ്രദർശിപ്പിച്ചുള്ള വീഡിയോകൾ പ്രതി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊല്ലുക,​ ഇന്ത്യയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കുക,​ ഇസ്രയേലിനെ തകർക്കണം തുടങ്ങിയ വാചകങ്ങൾ പ്രതി തോക്കുകളിൽ എഴുതിവച്ചിരുന്നതായി കണ്ടെത്തി. അതേ സമയം, പരിക്കേറ്റ 14 കുട്ടികളിൽ 10 പേരുടെ നില ഗുരുതരമാണ്. മൂന്ന് മുതിർന്നവർക്കും പരിക്കേറ്റു. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇക്കൊല്ലം 286 കൂട്ടവെടിവയ്പുകളാണ് യു.എസിൽ ഉണ്ടായത്.