മെക്‌സിക്കൻ സെനറ്റിൽ ഏറ്റുമുട്ടൽ
മെക്സിക്കോ സിറ്റി: മെക്സിക്കൻ സെനറ്റിൽ എം.പിമാർ തമ്മിൽ ഏറ്റുമുട്ടി. പ്രതിപക്ഷമായ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി (പി.ആർ.ഐ) തലവൻ അലെഹാണ്ട്രോ മൊറീനോയും ഭരണപക്ഷമായ മൊറീന പാർട്ടിയുടെ നേതാവും സെനറ്റ് പ്രസിഡന്റുമായ ജെറാർഡോ ഫെർണാണ്ടസ് നൊറോണയുമാണ് ഏറ്റുമുട്ടിയത്.
രാജ്യത്തെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സായുധ സേനകളുടെ സാന്നിദ്ധ്യം സംബന്ധിച്ച തർക്കം നിറഞ്ഞ സംവാദത്തിന് ശേഷം ദേശീയ ഗാനം പാടി സെനറ്റ് പിരിയുന്നതിനിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. 'എന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് " പറഞ്ഞ് നൊറോണയെ മൊറീനോ ആവർത്തിച്ച് സമീപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് നൊറോണയുടെ കൈയ്യിൽ മൊറീനോ പിടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന നൊറോണ തന്നെ തൊടരുതെന്ന് പറഞ്ഞ് മൊറീനോയുമായി തർക്കിച്ചു.
തുടർന്ന് ഇരുവരും പരസ്പരം പിടിച്ച് തള്ളിമാറ്റി. കൈയ്യാങ്കളിക്കിടെ ഇടപെടാൻ ശ്രമിച്ച ഒരു ഫോട്ടോഗ്രാഫറെ മൊറീനോ ഇടിച്ച് നിലത്തിട്ടു. പുറത്തേക്ക് കടക്കാൻ ഒരുങ്ങിയ നൊറോണയെ മറ്റൊരു എം.പി മർദ്ദിക്കാൻ ശ്രമിച്ചതോടെ സംഘർഷം വഷളായി. മൊറീനോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നൊറോണ പറഞ്ഞു. ഇന്ന് ചേരുന്ന അടിയന്തര സെനറ്റ് സെഷനിൽ മൊറീനോയ്ക്കും മറ്റ് മൂന്ന് പി.ആർ.ഐ എം.പിമാർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും നൊറോണ വ്യക്തമാക്കി.