ചൈനീസ് പരേഡിന് സാക്ഷിയാകാൻ കിമ്മും പുട്ടിനും

Friday 29 August 2025 7:18 AM IST

ബീജിംഗ്: സെപ്‌തംബർ 3ന് ചൈനയിലെ ബീജിംഗിൽ നടക്കുന്ന വിജയ ദിന മിലിട്ടറി പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അതിഥികളായി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ ക്ഷണപ്രകാരമാണ് ഇരുനേതാക്കളും പരേഡിൽ പങ്കെടുക്കുന്നത്.

ആദ്യമായാണ് ഒന്നിലേറെ വിദേശ രാഷ്ട്രത്തലവൻമാരുമായി കിം വേദി പങ്കിടാൻ ഒരുങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ കീഴടങ്ങലും യുദ്ധത്തിന്റെ അന്ത്യവും അടയാളപ്പെടുത്താനാണ് ചൈന വിജയ ദിന പരേഡ് നടത്തുന്നത്. 1959ന് ശേഷം ഒരു ഉത്തര കൊറിയൻ നേതാവ് ചൈനീസ് മിലിട്ടറി പരേഡിൽ പങ്കെടുക്കുന്നത് ആദ്യമാണ്.

മറ്റ് 26 രാഷ്ട്രത്തലവൻമാരും ഇത്തവണത്തെ പരേഡിൽ പങ്കെടുക്കുന്നുണ്ട്. ടിയാനാൻമെൻ സ്‌ക്വയറിൽ നൂറുകണക്കിന് യുദ്ധ വിമാനങ്ങളും ടാങ്കുകളും ആന്റി ഡ്രോൺ സംവിധാനങ്ങളും അണിനിരത്തിയുള്ള വമ്പൻ പരേഡിനാണ് ചൈന തയ്യാറെടുക്കുന്നത്.