റഷ്യയുടെ ആദ്യ കടൽ ഡ്രോൺ ആക്രമണം, യുക്രെയ്‌നിന്റെ ഏറ്റവും വലിയ നാവിക കപ്പൽ മുങ്ങി
മോസ്കോ: യുക്രെയിൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ റഷ്യൻ നാവിക സേനയുടെ ഡ്രോൺ ആക്രണണത്തിൽ തകർന്നു. പത്ത് വർഷത്തിനിടെ യുക്രെയിനിൽ കമ്മീഷൻ ചെയ്ത് സിംഫെറോപോൾ എന്ന കപ്പലാണ് ആക്രമണത്തിൽ തകർത്തത്. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ലഗുണ ക്ലാസിൽപ്പെടുന്ന കപ്പലാണിത്. യുക്രെയ്നിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ തീരത്തിനടുത്താണ് കപ്പൽ തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു.
ഡ്രോൺ സംവിധാനം ഉപയോഗിച്ച് യുക്രെയിൻ നാവിക കപ്പലിനെ ആക്രമിക്കാനുള്ള ആദ്യ സംഭവമാണിതെന്നാണ് വിദഗ്ദ്ധരെ ഉദ്ധരിച്ച് കൊണ്ട് റഷ്യൻ മാദ്ധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തത്. ഡ്രോൺ ആക്രമണം യുക്രെയിൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് നാവികസേന വക്താവിനെ ഉദ്ധരിച്ച് കീവ് ഇൻഡിപെൻഡന്റ് വ്യാഴാഴ്ച അറിയിച്ചു.
ആക്രമണത്തിനെ തുടർന്നുണ്ടായ അനന്തരഫലങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായ നിരവധി നാവികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
2014ൽ യുക്രെയിൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലായിരുന്നു ഇത്. റഷ്യൻ ഡ്രോണുകളുടെ ആക്രമണം ഉയർന്ന സാഹചര്യത്തിൽ ആളില്ലാ സംവിധാനങ്ങളുടെയും യുക്രെയ്ൻ ഡ്രോണുകളുടെ ഉത്പാദനം വേഗത്തിലാക്കാൻ യുക്രെയിൻ തീരുമനിച്ചിട്ടുണ്ട്. കീവിലെ ഒരു പ്രധാന ഡ്രോൺ സൗകര്യവും ഒറ്റരാത്രികൊണ്ട് രണ്ട് മിസൈൽ ആക്രമണങ്ങളിലൂടെ റഷ്യ ആക്രമിച്ചതായി യുക്രേനിയൻ നേതാവ് ഇഗോർ സിങ്കെവിച്ച് അവകാശപ്പെട്ടു.