ഇന്നുവരെ ഇട്ട പൂക്കളം പോലെയല്ല നാളെമുതൽ വേണ്ടത്, അടിമുടിമാറും; ചെയ്യേണ്ടത് ഇങ്ങനെയാണ്

Friday 29 August 2025 10:21 AM IST

തിരുവോണത്തിന് ഇനി ദിവസങ്ങൾ മാത്രം. അത്തംമുതലാണ് ശരിക്കും ഓണാഘോഷം തുടങ്ങുന്നത്. അന്നുമുതലാണ് പൂക്കളം ഇട്ടുതുടങ്ങുന്നത്. ആദ്യരണ്ടുദിവസം തുമ്പയും തുളസിയുമാണ് പൂക്കളത്തിന് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതൽ നിറമുള്ള പൂക്കൾ ഉപയോഗിച്ചുതുടങ്ങും. എന്നാൽ അഞ്ചാംദിവസത്തോടെ മൊത്തത്തിൽ മാറും. അഞ്ചുമുതലാണ് കുടകുത്തൽ തുടങ്ങുന്നത്. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുടകുത്തുന്നത്. ഈർക്കിലിൽ ചെമ്പരത്തിപ്പൂവുൾപ്പെടെയുള്ള മറ്റുപൂക്കളും ചേർത്ത് കോർത്തുവയ്ക്കുന്നതിനെയാണ് കുടകുത്തുക എന്നുപറയുന്നത്. അഞ്ചിന്റെ കുടകുത്തൽ നേരേ മുകളിലേക്ക് ആണെങ്കിൽ ആറാമത്തെ ദിവസംമുതൽ പൂക്കളത്തിന്റെ നാലുദിക്കിലേക്കും കുട നീളും. ഓരോ ദിവസവും ഇതിന്റെ നീളംകൂടുന്നതിനനുസരിച്ച് പൂക്കളത്തിന്റെ വലിപ്പവും കൂടും.

ഉത്രാടത്തിന്റെ അന്നാണ് ഏറ്റവുംവലിയ പൂക്കളം.തൃക്കാക്കര അപ്പന്റെ രൂപം മണ്ണുകൊണ്ട് ഉണ്ടാക്കി പ്രതിഷ്ഠിക്കും. ഉത്രാടത്തിന്റെ അന്നുവരെ രാവിലെ മാത്രമാണ് പൂക്കളത്തിലെ പൂക്കൾ മാറ്റുന്നതെങ്കിൽ ഉത്രാദിനം വൈകുന്നേരം തന്നെ പൂക്കളത്തിലെ പൂക്കൾ എല്ലാം മാറ്റും. ചാണകം കൊണ്ടുതറമെഴുകി തുമ്പക്കുടം വയ്ക്കും. അരകല്ലും ചിലയിടത്ത് വയ്ക്കാറുണ്ട്. തിരുവോണദിവസം രാവിലെ നിലവിളക്കുകൊളുത്തിവച്ച് അരിമാവിൽ വെണ്ടയില ഇടിച്ചുപിഴിഞ്ഞ് കുറുക്കിയശേഷം അതുപയോഗിച്ച് കൈകൊണ്ട് കോലംവരയ്ക്കും. അതിനുശേഷം മാത്രമേ അട നിവേദിക്കൂ.

തിരുവോണദിവസം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടതിനുശേഷം ഉറുമ്പ് ഉൾപ്പെടെയുള്ള ജീവികൾക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. തേങ്ങാപ്പീരയും ശർക്കരയും ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം വീടിന്റെ നാലുദിക്കിലും വയ്ക്കുന്നു. ഇത് പ്രധാനമായും ഉറുമ്പുകൾക്കുവേണ്ടിയാണ്. തുടർന്ന് അരിമാവുകൊണ്ട് ഭിത്തിയിൽ കോലം വരയ്ക്കുകയും ചെയ്യും. ഇത് പല്ലികൾക്ക് ആഹാരം കൊടുക്കാനാണെന്നാണ് വിശ്വാസം. ചില പ്രദേശത്ത് കോലത്തിന് പകരം അരിമാവിൽ കൈമുക്കി വാതിലിലും ചുവരിലുമൊക്കെ പതിക്കാറുണ്ട്.

മഹാബലി തമ്പുരാന്റെ ഭരണകാലത്ത് മലയാള നാട്ടിൽ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളും സമ്പൽ സമൃദ്ധമായി ജീവിച്ചിരുന്നുഎന്നും എല്ലാവരെയും സമഭാവനയോടെ കണ്ടിരുന്നു എന്നതിനു തെളിവാണ് ഇതെല്ലാം.