11-ാം വർഷത്തിലും മോദി മികച്ച പ്രധാനമന്ത്രി തന്നെ, സർവെ ഫലങ്ങൾ പുറത്ത്, എൻഡിഎയുടെ ജനപ്രീതി ഇടിഞ്ഞു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയ്ക്ക് ഇപ്പോഴും കാര്യമായ ഇടിവില്ലെന്ന് സർവെ ഫലം. ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച മൂഡ് ഓഫ് ദ നേഷൻ സർവെയിൽ മോദിയുടെ ഭരണം നല്ലത് എന്ന് രേഖപ്പെടുത്തിയത് 58 ശതമാനം പേരാണ്. എന്നാൽ ആറ് മാസം മുൻപ് നടന്ന സർവെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അൽപം കുറവാണ് പക്ഷെ തീരെ കുറവല്ല താനും. 62 ശതമാനമായിരുന്നു അന്ന് മോദിയുടെ ഭരണം മികച്ചതെന്ന് പറഞ്ഞവരുടെ കണക്ക്.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിലും മോദിയുടെ ജനപ്രീതി കുറഞ്ഞിട്ടില്ല. 34.2 ശതമാനം പേർ വളരെ മികച്ച ഭരണം എന്ന് വിലയിരുത്തിയപ്പോൾ മികച്ചതെന്ന് മാത്രം അഭിപ്രായമുള്ളവർ 23.8 ആണ്. വളരെ മികച്ചതെന്ന് ഫെബ്രുവരി മാസത്തിൽ അഭിപ്രായം പറഞ്ഞത് 36.1 ശതമാനം ആളുകളാണ്. ഇത്തവണ രണ്ട് ശതമാനത്തോളം കുറവുവന്നു.
മോദിയുടെ ഭരണം ശരാശരി മാത്രമാണെന്ന് 12.7 ശതമാനം പേർ പറയുന്നു. മോശം എന്ന് പറഞ്ഞവർ 12.6 ശതമാനവും വളരെ മോശം എന്ന് പറഞ്ഞവർ 13.8 ശതമാനവുമാണ്. കഴിഞ്ഞ സർവെ അപേക്ഷിച്ച് എൻഡിഎ സർക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി മാസത്തിൽ 62.1 ശതമാനമായിരുന്നത്. ഇത്തവണ 52.4 ശതമാനമായി. ഫെബ്രുവരി മാസത്തിൽ എൻഡിഎ ഭരണത്തിൽ 8.6 ശതമാനം പേർക്ക് നല്ലതെന്നോ മോശമെന്നോ അഭിപ്രായം ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ അത് 15.3 ശതമാനം പേരായി വർദ്ധിച്ചിട്ടുണ്ട്. ജൂലായ് ഒന്നുമുതൽ ഓഗസ്‌റ്റ് 14വരെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിൽ 54,788 പേരിൽ പുതുതായി നടത്തിയ സർവെയിലും ഒപ്പം 1,52,038പേരിൽ നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലുമാണ് സർവെ ഫലം തയ്യാറാക്കിയത്.