ഒരു വിഭാഗം പ്രവാസികളുടെ പോക്കറ്റ് കീറും, നിർണായക തീരുമാനമെടുക്കാൻ കേന്ദ്രം, ജിഎസ്ടി 18 ശതമാനത്തിലേക്ക്
ന്യൂഡൽഹി: ബിസിനസ്, പ്രീമിയം ക്ലാസ് വിമാന യാത്രയ്ക്കുള്ള നിലവിലുള്ള ജിഎസ്ടി 12ശതമാനത്തിൽ നിന്നും 18ശതമാനമായി ഉയർത്താൻ നീക്കമിട്ട് കേന്ദ്ര സർക്കാർ. നിലവിൽ ആഭ്യന്തര, അന്തർദേശീയ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ബാധകമായിരിക്കുന്നത്. അതേസമയം പ്രീമിയം ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.
കോൺഫറൻസുകൾ, ക്ലയന്റ് മീറ്റിംഗുകൾ അല്ലെങ്കിൽ ബിസിനസ് സംബന്ധമായ യാത്രകളുമായി ബന്ധപ്പെട്ട യാത്രകൾക്ക് മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുകയുള്ളു. സെപ്തംബർ 22ഓടെ പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ഇനങ്ങൾക്ക് നിരക്ക് കുറയ്ക്കാൻ കഴിയുമെങ്കിലും പ്രീമിയം വിമാന യാത്രയക്ക് ഉയർന്ന ജിഎസ്ടി നൽകേണ്ടി വരും.
സൗന്ദര്യവും ആരോഗ്യ സംബന്ധമായ സേവനങ്ങൾക്കുള്ള ജിഎസ്ടി 18ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ ഇത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പരിധിയിൽ വരില്ല. 100 രൂപയിൽ താഴെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 12ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും ശുപാർശയുണ്ട്.
എന്നാൽ ഇവയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കും. സെപ്തംബർ മൂന്നിനും നാലിനുമാണ് ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. വരാനിരിക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ബോണസ് എന്നാണ് അടുത്തിടെ വിശേഷിപ്പിച്ചത്.