പരിശീലന പറക്കലിനിടെ എഫ് 16 വിമാനം തീഗോളമായി തകർന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു, വീഡിയോ

Friday 29 August 2025 12:32 PM IST

വാഴ്‌സ: പരിശീലനപ്പറക്കലിനിടെ പോളണ്ട് സൈന്യത്തിന്റെ എഫ് 16 യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. സെൻട്രൽ പോളണ്ടിലെ റാഡമിൽ ഇന്നലെയാണ് സംഭവം. ഈ ആഴ്‌ച അവസാനം നിശ്ചയിച്ചിരുന്ന ദ റാഡം എയർഷോയ്‌ക്ക് മുന്നോടിയായുള്ള പരിശീലനപ്പറക്കലിനിടെ ആയിരുന്നു അപകടം.

പോളിഷ് പ്രതിരോധമന്ത്രി വ്ലാഡിസ്‌ലോ കൊസിനിയാക് കാമിസ് സംഭവം സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദ‌ശിച്ച അദ്ദേഹം പൈലറ്റിന്റെ മരണത്തിലും വ്യോമസേനയ്‌ക്കുണ്ടായ വലിയ നഷ്‌ടത്തിലും അനുശോചനം അറിയിക്കുകയും ചെയ്‌തു. വിമാനം നിയന്ത്രണംവിട്ട് തകർന്നുവീണ് അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊസ്‌നാനിന് സമീപം 31-ാം ടാക്‌ടിക്കൽ വ്യോമതാവളത്തിൽ നിന്നുള്ള യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാനെത്തിയ നിരവധിപേർ സ്ഥലത്തുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം എന്നാണുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.