ഒറ്റ ചാർജിൽ 158 കിലോമീറ്റർ, പുതിയ ടിവിഎസ് ഓർബിറ്റർ വിപണിയിൽ
വാഹന പ്രേമികൾക്ക് ഓണം സർപ്രൈസായി പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി എത്തിയിരിക്കുകയാണ് ടിവിഎസ്. ഓർബിറ്റർ എന്ന് വിളിപ്പേരുള്ള സ്കൂട്ടറിന്റെ വില 99,900 രൂപയാണ്. ഒറ്റ ചാർജിൽ 158 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.1 കിലോവാട്ട് ബാറ്ററി സ്കൂട്ടറിൽ ഉണ്ട്. ദൈനംദിന നഗര യാത്രകൾക്ക് അനുയോജ്യം. ഏഥർ റിസ്റ്റ, ഓല എസ്1എക്സ്, ഹീറോ വിഡ വിഎക്സ്2 എന്നിവയുമായി നേരിട്ടാണ് ഇന്ത്യൻ വിപണിയിൽ ടിവിഎസ് ഓർബിറ്ററിന്റെ മത്സരം.
പുതിയ സ്കൂട്ടറിന്റെ വരവോടെ ടിവിഎസ് നിരയിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ എണ്ണം രണ്ടായി. ഐക്യൂബിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനാണ് ഓർബിറ്റിനുള്ളത്. ഡ്യുവൽ-കളർ ഫോർമാറ്റിൽ വരുന്ന സ്കൂട്ടറിന് മികച്ച രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. നിയോൺ സൺബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നീ ആറ് ഡ്യുവൽ-ടോൺ കളറുകളിലായാണ് ഓർബിറ്റർ ഇറക്കിയിരിക്കുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ടിവിഎസ് സ്മാർട്ട് ആപ്പ് വഴിയുള്ള തെഫ്റ്റ് അലേർട്ടുകൾ തുടങ്ങിയവ സ്കൂട്ടറിന്റെ സ്മാർട്ട് കണക്റ്റിവിറ്റികളിലെ പ്രധാന ആകർഷണമാണ്. ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.