മൈലേജ് 27 കിലോമീറ്റർ,വില 10 ലക്ഷത്തിനടുത്ത്, ഹ്യുണ്ടായ്‌യുടെയും കിയയുടെയും നെഞ്ചിടിപ്പ് കൂട്ടി കാറുമായി മാരുതി

Friday 29 August 2025 1:38 PM IST

ഹ്യുണ്ടായ്‌യുടെ ക്രേറ്റ, കിയയുടെ സെൽട്ടോസ്, മഹീന്ദ്ര എക്‌സ്‌യുവി 700 എന്നിങ്ങനെ വമ്പൻമാരടങ്ങുന്ന ഇന്ത്യയിലെ മിഡ് സൈസ് എസ്‌‌യുവി സെഗ്‌മെന്റ്. അവിടെ ഗ്രാന്റ് വിറ്റാരയുണ്ടെങ്കിലും കളംപിടിക്കാൻ മറ്റൊരു കൊമ്പനെ രംഗത്തിറക്കാൻ പോകുകയാണ് മാരുതി. ഹ്യുണ്ടായ്‌യുടെയും കിയയുടെയുമെല്ലാം കടുത്ത ജനപ്രീതിയ്‌ക്ക് വട്ടം വയ്‌ക്കാൻ എസ്‌ക്യൂഡോയുമായാണ് മാരുതി വരുന്നത്. വിലയിലും വിവിധ സവിശേഷതകളാലും ആരുടെയും ശ്രദ്ധ കിട്ടുന്നതരത്തിലാകും മാരുതി എസ്‌ക്യുഡോ പുറത്തിറക്കുന്നത്.

പെട്രോൾ, ഹൈബ്രിഡ്. സിഎൻജി പവർട്രെയിൻ വേരിയന്റുകളിലാകും മാരുതി എസ്‌ക്യുടോ പുറത്തിറക്കുക എന്നാണ് സൂചന. പല പ്രീമിയം ഫീച്ചറുകളും ടോപ് വേരിയന്റുകളിൽ ലഭ്യമാകും. മാരുതിയുടെ ഇന്നുവരെയുള്ള വാഹനങ്ങളിൽ ആദ്യമായി ഒരു അണ്ടർബോഡി കിറ്റ് ആകും സിഎൻജി വേരിയന്റിൽ ഉണ്ടാകുക. അതിനാൽ ബൂട്‌ സ്‌പേസിൽ തെല്ലും കുറവുണ്ടാകില്ല എന്നർത്ഥം.

ബ്രസയ്‌ക്കും ഗ്രാൻഡ് വിറ്റാരയ്‌ക്കും ഇടയിലെ വലുപ്പമുള്ള കാറാകും എസ്‌ക്യൂഡോ. ഗ്രാന്റ് വിറ്റാര നെക്‌സ ഡീലർഷിപ്പ് വഴിയാണ് വിറ്റതെങ്കിൽ അറേന നെറ്റ്‌വർക്ക് വഴിയാണ് എസ്‌ക്യൂഡോ പുറത്തിറങ്ങുക. ഇന്ത്യയിലാകെ 3000 അറെന ഡീലർഷിപ്പ് വഴി കാർ ലഭിക്കും. മൂന്ന് പവർട്രെയിൻ ഓപ്‌ഷനുകളിൽ 1.5ലിറ്റർ കെ 15സി പെട്രോൾ എഞ്ചിനാകും എസ്‌ക്യൂഡോയ്‌ക്കുള്ളത്. 103 ബിഎച്ച്‌പി കരുത്തിലാണിത്. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 92 ബിഎച്ച്‌പിയാണ്. ഇലക്‌ട്രിക് മോട്ടോറിനൊപ്പം 1.5 ലിറ്റർ അറ്റ്‌കിൻസൺ സൈക്കിൾ എഞ്ചിനാണ്. ഗ്രാൻഡ് വിറ്റാരയ്‌ക്ക് സമാനമായ മൈലേജ് എസ്‌ക്യൂഡോ നൽകുമെന്നാണ് കരുതുന്നത്. 27.97 കിലോമീറ്റർ വരുമിത്. ലെവൽ2 ASAS, ഓപ്‌ഷണൽ 4WD എന്നിവയും ആധുനിക സുരക്ഷാ സംവിധാനങ്ങളും ചേർന്നതാകും വിവിധ വേരിയന്റുകൾ.

ബേസ് മോഡലിന് 9-10 ലക്ഷം രൂപയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ടോപ് എന്റ് വേരിയന്റിന് എക്‌സ്‌ഷോറൂം വില 18 മുതൽ 19 ലക്ഷം വരെയാകും. സെപ്‌തംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ എസ്‌ക്യൂഡോയെ അറേന നെറ്റ്‌വർക്ക് വഴി മാരുതി അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.