ലക്ഷങ്ങളല്ല, കോടികൾ; ഗൗരി ഖാൻ ഒരു വീട്ടിൽ ഇന്റീരിയർ ഡിസൈനിനായി ഈടാക്കുന്ന തുക എത്രയാണെന്നോ?
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പ്രിയ പത്നി ഗൗരിഖാനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. നിർമ്മാതാവ് കൂടിയായ ഗൗരി ഇന്ത്യയിൽ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനർ കൂടിയാണ്. ഇന്റീരിയർ ഡിസൈനിംഗിൽ തന്റോതായ ഒരു സ്ഥാനവും ഇതിനോടകം കിംഗ് ഖാന്റെ ജീവിതപങ്കാളി കണ്ടെത്തിയിട്ടുണ്ട്. 2013ലാണ് മുംബയിൽ തന്റെ ആദ്യത്തെ ഇന്റീരിയർ സ്ഥാപനം തുറന്നത്. അടുത്തിടെയാണ് ഡൽഹി അടക്കമുള്ള നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും. ഇപ്പോഴിതാ ‘ഗൗരി ഖാൻ ഡിസൈൻസ്’ എന്ന തന്റെ സ്ഥാപനം എത്ര രൂപയാണ് ഡിസൈനിംഗിനായി ഈടാക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ യാഥാർഥമാണെന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാൽ പ്രകാരം താര പത്നി എന്താണ് പ്രതീക്ഷിക്കുന്നതെന്നാണ് വിശദീകരിക്കുന്നത്. ഇന്റീരിയർ എ മുതൽ ഇസെഡ് വരെ ഒരു കൺസൾട്ടേഷനു വേണ്ടി മാത്രം ആറ് ലക്ഷം രൂപയാണ് ഗൗരി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. റെസിഡൻഷ്യൽ ഇന്റീരിയർ ഡിസൈനിംഗിനുള്ള ചെലവ് പ്രോജക്ടിനെ ആശ്രയിച്ച് 30 ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെയാകാമെന്നാണ് റിപ്പോർട്ടുകൾ.
ഒരു ആഡംബര വില്ലയുടെ പ്രോജക്ടിന് മൂന്ന് കോടി മുതൽ പത്ത് കോടി രൂപ വരെയാകാം. കൊമേഴ്ഷ്യൽ പ്രോജക്ടുകളെ സംബന്ധിച്ചിടത്തോളം, സ്കെയിൽ വലുതാകുന്നതിനനുസരിച്ച് ഫീസ് 50ലക്ഷം മുതൽ 20കോടി രൂപ വരെ ഉയരും. ഗൗരിയുടെ ഇഷ്ടാനുസൃതമുള്ള ഫർണിച്ചറുകളും സ്റ്റോറിൽ വിൽക്കുന്നുണ്ട്. ഇതിന് അഞ്ച് ലക്ഷം രൂപ വരെയാണ് വില. ചുവടെ നൽകിയിരിക്കുന്ന വിലപ്പട്ടിക പ്രോജക്ടിന്റെ വലുപ്പം, ഉപയോഗിക്കുന്ന സാധനങ്ങൾ, കസ്റ്റമൈസേഷൻ എന്നിവയെ ആശ്രയിച്ചുള്ളതാണ്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൗരിയോ തന്റെ സ്ഥാപനമോ സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ അടുത്തിടെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇന്റീരിയർ ഡിസൈൻ യാത്രയെക്കുറിച്ച് താര പത്നി സംസാരിച്ചിരുന്നു. '2013-ൽ ഒരു ഹോബിയായിട്ടാണ് ഞാൻ ഡിസൈനിംഗ് ആരംഭിച്ചത്. പിന്നീട് അത് എനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്ന തൊഴിലായി മാറുകയായിരുന്നു.' അവർ പറഞ്ഞു. സ്വന്തം അനുഭവമാണ് തന്റെ വളർച്ചയ്ക്ക് പിന്നിലെ കാരണമെന്നും ജോലിയിൽ നിന്ന് പഠിച്ച കാര്യങ്ങളാണ് ഇത്രത്തോളം എത്തിച്ചതെന്നും ഗൗരി ഖാൻ കൂട്ടിച്ചേർത്തു.
ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയായതിനാൽ അതിൽ മടുപ്പ് താേന്നിയിട്ടില്ലെന്നും ഗൗരി പറയുന്നു. നിലവിൽ തന്റെ ബംഗ്ലാവായ മന്നത്ത് പുതുക്കിപ്പണിയുന്നതിന്റെ ജോലികളിലാണ് ഗൗരി ഖാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.