ഇസ്രയേൽ ആക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു, നിരവധി ഉന്നത നേതാക്കൾ മരിച്ചതായും വിവരം

Friday 29 August 2025 5:13 PM IST

സന: ഹൂതികളു‌ടെ നിയന്ത്രണത്തിലുള്ള യെമൻ സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് അൽ റവാഹി ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. യെമൻ തലസ്ഥാനമായ സനയിൽ ഒരു അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് പ്രധാനമന്ത്രി അടക്കമുള്ള ഹൂതി നേതാക്കൾ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് പിന്നാലെ യെമൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ സനയെ നിയന്ത്രിക്കുന്ന വടക്കൻ ഭാഗത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കും തെക്ക് ഭാഗത്ത് റഷാദ് അൽ-അലിമി പ്രസിഡന്റായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനുമായി രാജ്യത്തിന്റെ നിയന്ത്രണം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സംഘടനകളുടെ ഭാഗമാണ് ഹൂതികൾ.

ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സനയിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഹൂതികളും പങ്കുചേർന്നിരുന്നു. ഇസ്രയേലിനുനേരെ മിസൈൽ ആക്രമണം നടത്തുകയും ചെങ്കടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇസ്രയേലും അമേരിക്കയും ഹൂതികൾക്കുനേരെ പലതവണ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.