കാസ‌ർകോട് ആറുപേരുടെ മരണത്തിനിടയാക്കിയ അപകടം; ബസ് എത്തിയത് അമിതവേഗത്തിൽ, ഡ്രൈവർക്കെതിരെ കേസ്

Friday 29 August 2025 6:30 PM IST

കാസർകോട്: ​കേ​ര​ള​-​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​യാ​യ​ ​ത​ല​പ്പാ​ടി​യി​ൽ ആ​റു​പേ​രുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ​ക​ർ​ണാ​ട​ക​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ​റേ​ഷ​ൻ​ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാസ‌ർകോട് റോഡ് ട്രാൻസ്‌‌പോർട്ട് ഓഫീസിലെ സംഘമാണ് അന്വേഷണം നടത്തിയത്. ബസിന്റെ ടയറുകൾ തേഞ്ഞ് തീർന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയതായി പരിശോധനയിൽ കണ്ടെത്തി. ബസിന്റെ ബ്രേക്കിന് പ്രശ്നമില്ലായിരുന്നുവെന്നും പരിശോധയിൽ തെളിഞ്ഞു.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെയും കണ്ടക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവർ നിജലിംഗപ്പയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 14 വർഷമായി കർണാടക ആർടിസിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഇയാൾ. കഴിഞ്ഞ മൂന്ന് വർഷമായി കാസർകോട്-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നു. ഓഗസ്റ്റ് എട്ടിന് അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്‌നെസ് പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. അതിനാൽതന്നെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകാൻ സാദ്ധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. ബസിന്റെ അമിതവേഗതയും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് കർണാടക ആർടിസി എംഡി ഇന്നലെ പുറപ്പെടുവിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരിക്കേറ്റവരുടെ ചികിത്സ ​ക​ർ​ണാ​ട​ക​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​കോ​ർ​പ​റേ​ഷ​ൻ​ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വ്യാ​ഴാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് 1.45​ഓ​ടെ​യാ​ണ് ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​അ​പ​ക​ടമുണ്ടായത്.​ ​മം​ഗ​ലാ​പു​ര​ത്ത്​ ​നി​ന്ന് ​കാ​സ​ർ​കോ​ട്ടേ​ക്ക് ​അ​മി​ത​ ​വേ​ഗ​ത്തി​ൽ​ ​വ​ന്ന​ ​ബ​സ് ​ഓ​ട്ടോ​റി​ക്ഷ​യി​ലേയ്​ക്കും​ ​പി​ന്നാ​ലെ​ ​ബ​സ് ​കാ​ത്തി​രി​പ്പ് ​കേ​ന്ദ്ര​ത്തി​ലേയ്ക്കും​ ​ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.​ ഓ​ട്ടോ​ ​ഡ്രൈ​വ​റും​ ​അ​തി​ലെ​ ​യാ​ത്ര​ക്കാ​രാ​യ​ ​യു​വ​തി​യും​ ​ര​ണ്ടു​ ​സ്ത്രീ​ക​ളും​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​നി​ന്ന​ ​മ​റ്റു​ ​ര​ണ്ടു​ ​സ്ത്രീ​ക​ളു​മാ​ണ് ​മ​രി​ച്ച​ത്. ​മം​ഗ​ളു​രു​ ​കൊ​ട്ട​ക്കാ​ർ​ ​അ​ജി​ന​ടു​ക്ക​ ​മു​ള്ളു​ഗ​ഡ്ഡെ​യി​ലെ​ ​പൊ​ടി​യ​ബ​യു​ടെ​ ​മ​ക​ൻ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​ർ​ ​ഹൈ​ദ​ർ​ ​അ​ലി​ ​(47​),​ ​ബി​ ​സി​ ​റോ​ഡ് ​ഫ​റ​ങ്കി​പേ​ട്ടേ​യി​ലെ​ ​അ​ബ്ദു​ൽ​ ​ഖാ​ദ​റി​ന്റെ​ ​ഭാ​ര്യ​ ​അ​വ്വ​മ്മ ​(72​)​,​ ​കൊ​ട്ട​ക്കാ​ർ​ ​അ​ജി​ന​ടു​ക്ക​യി​ലെ​ ​മൊ​യ്തീ​ൻ​ ​കു​ഞ്ഞി​യു​ടെ​ ​മ​ക​ൾ​ ​ഖ​ദീ​ജ​ ​(60​)​,​ ​കൊ​ട്ട​ക്കാ​ർ​ ​അ​ജി​ന​ടു​ക്ക​യി​ലെ​ ​ശാ​ഹു​ൽ​ ​ഹ​മീ​ദി​ന്റെ​ ​മ​ക​ൾ​ ​ഹ​സ്ന​ ​(11​)​, ​മു​ഹ​മ്മ​ദി​ന്റെ​ ​ഭാ​ര്യ​ ​ന​ഫീ​സ​ ​(52​)​ ​ഇ​വ​രു​ടെ​ ​മ​ക​ൾ​ ​ആ​യി​ഷ​ ​ഫി​ദ​ ​(​ 19​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ബ​സ് ​കാ​ത്തു​നി​ന്ന​ ​കാ​സ​ർ​കോ​ട് ​പെ​രു​മ്പ​ള​യി​ലെ​ ​ല​ക്ഷ്മി​ ​(61​)​ ​ഇ​വ​രു​ടെ​ ​മ​ക​ൻ​ ​സു​രേ​ന്ദ്ര​ ​(39​)​ ​എ​ന്നി​വ​രാ​ണ് ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കു​ക​ളോ​ടെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക​ഴി​യുകയാണ്. മ​ഞ്ചേ​ശ്വ​രം​ ​പൊ​ലീ​സാണ് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കിയത്. അപകടത്തെത്തുടർന്ന് ദേ​ശീ​യ​പാ​ത​യി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഗ​താ​ഗ​തം​ ​ത​ട​സ്സ​പ്പെ​ട്ടിരുന്നു.