രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ, ഡിവൈഎസ്പി ഷാജിക്ക് ചുമതല
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈ.എസ്.പി ഷാജിക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഡിവൈ.എസ്.പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല നൽകിയിരുന്നത്. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറു പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. സൈബർ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്,
അതേസമയം യൂത്ത കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുൽമാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികൾ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാൻ ആണ് ഒന്നാംപ്രതി. നിലവിൽ രാഹുൽ കേസിലെ പ്രതിയല്ല. എന്നാൽ, മുൻപ് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ രാഹുലിനെതിരായ ചില തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയിട്ടുണ്ട്.