ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണി, സെല്ലോടേപ്പ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയയാൾ പിടിയിൽ

Friday 29 August 2025 9:07 PM IST

മലപ്പുറം: വിൽപനയ്ക്കായി എത്തിച്ച 4.7 കിലോ കഞ്ചാവുമായി 56കാരൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മോങ്ങത്ത് ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഇടുക്കി തോപ്രാംകുടി സ്വദേശി സാബു ആണ് പിടിയിലായത്. സെല്ലോടേപ്പ് ഉപയോഗിച്ച് ശരീരത്തിൽ ചേർത്ത് ഒട്ടിച്ചായിരുന്നു ഇയാൾ കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേയ്ക്ക് കഞ്ചാവ് കടത്തുന്ന അന്തർസംസ്ഥാന ലഹരി സംഘത്തിലെ കണ്ണിയാണ് സാബുവെന്ന് പൊലീസ് പറഞ്ഞു. 2020ൽ മൂന്നര കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.