48 -ാം പിറന്നാൾ ദിനത്തിൽ വിശാലിന് വിവാഹ നിശ്ചയം
48-ാം പിറന്നാൾ ദിനത്തിൽ തമിഴ് നടൻ വിശാലിന് വിവാഹ നിശ്ചയം. നടി സായ് ധൻസികയുമായി വിശാലിന്റെ വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.
വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. നായികയായ അഭിനയിച്ച യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം മൂന്നു മാസം മുൻപ് സായ് വ്യക്തമാക്കിയിരുന്നു.
15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് വിവാഹം. 35 കാരിയായ ധൻസിക 2006-ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത അന്തോളജി ചിത്രം സോളോയിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. വിശാലും ധൻസികയും ഇതുവരെയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.