ഒാണം തൂക്കി ലോക കൊടുങ്കാറ്റായി
250ലധികം സ്ക്രീനിൽ ആഘോഷം തീർക്കുന്നു ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്ടർ വൺ:ചന്ദ്ര"ക്ക് എങ്ങും ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ഉണ്ടായത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം പ്രദർശനം ആദ്യം ദിനം നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ 'ലോകയുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ചിത്രത്തിൽ അതിഥി താരങ്ങളുടെ വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി . ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കി ലോക എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ.