ബേസിൽ ജോസഫ് വീണ്ടും തമിഴിൽ, നായകൻ പുതുമുഖം അക്ഷയ് കുമാർ
സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്കുശേഷം ബേസിൽ ജോസഫ് വീണ്ടും തമിഴിൽ. പ്രശസ്ത നിർമ്മാതാവ് ലളിത്‌കുമാറിന്റെ മകൻ അക്ഷയ് കുമാർ നായകനാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ബേസിൽ ജോസഫ് എത്തുന്നു. വിക്രംപ്രഭു നായകനായ സിറ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് കുമാർ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ശിവകാർത്തികേയനും സുധ കൊങ്കരയും ഒരുമിക്കുന്ന പരാശക്തിയിൽ പട്ടാളക്കാരന്റെ വേഷമാണ് ബേസിൽ അവതരിപ്പിക്കുന്നത്.
വിദ്യാർത്ഥിരാഷ്ട്രീയം പറയുന്ന ചിത്രത്തിൽ വിദ്യാർത്ഥിനേതാവിന്റെ വേഷമാണ് ശിവകാർത്തികേയന്. ജയം രവി ആണ് പ്രതിനായകൻ. അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഡോൺ പിക്‌ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനാണ് നിർമ്മാണം. അതേസമയം മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിൽ ബേസിൽ ജോസഫ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഇതാദ്യമായാണ് മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രത്തിൽ ബേസിൽ ജോസഫ് ഭാഗമാകുന്നത്.മലയാളത്തിൽ ഉടൻ തന്നെ നാലാമത്തെ സംവിധാ സംരംഭത്തിലേക്ക് ബേസിൽ പ്രവേശിക്കും.