ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്‌സൈറ്റിൽ,​ രൂക്ഷപ്രതികരണവുമായി ജോർജിയ മെലോനി

Friday 29 August 2025 9:58 PM IST

റോം : തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയെയടുക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. പ്രതിപക്ഷ നേതാവ് എല്ലി ഷ്ലിൻ,​ ജോർജിയ മെലോനി,​ അവരുടെ സഹോദരി അരിയന എന്നിവരുടെ എഡിറ്റ് ചെയ്തതും മോർഫ് ചെയ്തതുമായ ചിത്രങ്ങളാണ് മോശം അടിക്കുറിപ്പുകളോടെ അശ്ലീല വെബ്സൈറ്റിൽ പ്രസീദ്ധീകരിച്ചത്. അറപ്പുളവാക്കുന്നവയാണ് ഈ ചിത്രങ്ങളെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും മെലോനി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് പൊതുവിടങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സൈറ്റ് അടച്ചുപൂട്ടിയിരുന്നു. ചിത്രങ്ങൾ ഉപയോക്താക്കൾ ദുരുപയോഗം ചെയ്തെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. അധിക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമത്തിന് ഇരയാവുകയും ചെയ്ത എല്ലാ സ്ത്രീകൾക്കും മെലോനി ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.

അപരനാമത്തിലോ കീബോർഡിന്റെ മറവിലോ ഇരുന്ന് ലൈംഗികവും നീചവുമായ അധിക്ഷേപങ്ങൾ നടത്തുന്നത് സാധാരണവും നിയമാനുസൃതവുമാണെന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ടെന്നത് നിരാശാജനകമാണെന്നും മെലോനി പറഞ്ഞു.