യുവതിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം, ഹണിട്രാപ്പ് കേസിൽ മസാജ് പാർലർ ജീവനക്കാരിയും സംഘവും അറസ്റ്റിൽ
കൊച്ചി: തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നും ഹണിട്രാപ്പാണെന്നും കർണ്ണാടക പൊലീസ് കണ്ടെത്തി.സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു.ബംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന,രത്നയുടെ സഹായി മോണിക്ക,പാലക്കാട് സ്വദേശിയും കൂർഗിൽ താമസക്കാരനും ഇവന്റ് മാനേജ്മെന്റ് കമ്പനിയുടമയുമായ ശരത് മേനോൻ,സജിത്ത്, ആലം എന്നിവരെയാണ് ബെലന്തൂരു പൊലീസ് അറസ്റ്റുചെയ്തത്. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് എഫ്.ഐ.ആറിലുണ്ട്. കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വരയ്ക്ക് നൽകിയ പരാതിയിലാണിവർ അറസ്റ്റിലായത്.
യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അരുണിനെ കർണാടക പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഉണ്ണി ദാമോദരനെയും അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. കുടുംബത്തിനും ക്ഷേത്രത്തിനുമെതിരെ ഗൂഢാലോചന നടത്തി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്ന് ഉണ്ണി ദാമോദരന്റെ മകൾ ഉണ്ണിമായ സൂരജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.