തോട്ടിന്‍കരയിലും വീട്ടിനുള്ളിലും പീഡിപ്പിച്ചു; അശ്ലീല വീഡിയോകള്‍ കാണിക്കാനും ശ്രമം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 15കാരനായ കുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ കേസില്‍ സമദ് (24) ആണ് കുറ്റക്കാരന്‍. പ്രതിക്ക് 20 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷയും 1,05,000 രൂപ പിഴയുമാണ് പത്തനംതിട്ട അതിവേഗ കോടതി വിധിച്ചത്. കുലശേഖരപതി സ്വദേശിയായ ഇയാള്‍ പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പിഴ തുക അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതി ആറ് മാസവും അഞ്ച് ദിവസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രതിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15 കാരനെ പ്രതി തന്റെ വീട്ടില്‍ വച്ചും, തുടര്‍ന്ന് അടുത്തുള്ള തോട്ടിന്റെ കരയിലെത്തിച്ച് അവിടെ വച്ചും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് പത്തനംതിട്ട എസ് ഐ അനൂപ് ചന്ദ്രനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് പുറമേ ഇയാള്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്‍സ്‌പെക്ടറായിരുന്ന ഡി ഷിബുകുമാര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും കേസില്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ റോഷന്‍ തോമസ് ഹാജരായി.