നെഹ്റു ട്രോഫി: കൂടുതൽ സർവീസുമായി കെ.എസ്.ആ‌ർ.ടി.സിയും ജലഗതാഗതവകുപ്പും

Saturday 30 August 2025 12:00 AM IST

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് വള്ളംകളി പ്രേമികളെ പുന്നമടയിൽ എത്തിക്കാൻ സജ്ജമായി കെ.എസ്.ആർ.ടി.സിയും ജലഗതാഗതവകുപ്പും. നഗരത്തിലെത്തുന്നവരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കുകയാണ് ലക്ഷ്യം. ബീച്ചിലും പൊലീസ് പരേഡ് ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യുന്നവർക്ക് ബസ് സ്റ്റാൻഡിലെത്താൻ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് നടത്തും. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ സ്റ്റാൻഡിൽ കയറാതെ വേണം കടന്നുപോകാൻ. ഓ‌ർഡിനറി ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിക്കാവൂ എന്നാണ് നിർദ്ദേശം.

ജലഗതാഗത വകുപ്പിന്റെ അഞ്ചുബോട്ടുകളും ഒരു റെസ്ക്യൂ ബോട്ടും ബോട്ട് റേസ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇത് പത്തുമണിയോടെ ഗാലറിയിലേക്ക് സർവീസ് നടത്തും. മാതാ ജെട്ടി, രാജീവ് ജെട്ടി എന്നിവിടങ്ങളിലൂടെ കടന്നുപോകും. സാധാരണ ബോട്ട് സർവീസുകൾ 12 മണിയോടെ അവസാനിപ്പിക്കും. വള്ളംകളിക്ക് ശേഷം 6 മണിയോടെ പുഞ്ചിരി, സോമൻ ജെട്ടി, പുന്നമട വഴി ആലപ്പുഴയിലേക്ക് സർവീസ് നടത്തും.

സൂപ്പർഫാസ്റ്റുകൾ

ബൈപ്പാസ് വഴി

 ആലപ്പുഴയിൽ നിന്നുള്ള 76 ഷെഡ്യൂളുകളും മുടങ്ങാതെ സർവീസ് നടത്തും

 ഫാസ്റ്റ് പാസഞ്ചർ ബസുകൾ സ്റ്റാൻഡിൽ കയറാതെ വൈ.എം.സി.എ വഴി കടന്നുപോകും

 എറണാകുളം, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കരുനാഗപ്പള്ളി, കൊല്ലം, ഹരിപ്പാട്, കായംകുളം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് അധികമായി ആലപ്പുഴയിലേക്ക് സർവീസ് നടത്തും

 വൈക്കം, തണ്ണീർമുക്കം ബസുകൾ തിരക്ക് കൂടുന്നത് അനുസരിച്ച് പ്രൈവറ്റ് ബസ് സ്റ്രാൻഡിൽ നിന്ന് സർവീസ് നടത്തും

 ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസുകൾ തിരക്ക് കൂടിയാൽ കൈതവനയിൽ നിന്ന് സർവീസ് ആരംഭിക്കും

 മടങ്ങി പോകുന്നതിനായി വിവിധ സ്ഥലത്തേക്കുള്ള ബസുകൾ വൈകിട്ട് നാലുമണിയോടെ സ്റ്റാൻഡിൽ സർവീസിനായി എത്തും. ഇവിടെ നിന്ന് തടസമില്ലാതെ സർവീസ് നടത്തും.