മൊബൈൽ ഫോൺ കവർച്ച ചെയ്ത മോഷ്ടാക്കൾ പിടിയിൽ

Saturday 30 August 2025 1:29 AM IST

ഷൊർണൂർ: മൊബൈൽ ഫോൺ മോഷ്ടാക്കളെ ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടി. തൃശുർ കേച്ചേരി നെല്ലിക്കുന്ന് പുത്തൻ വിട്ടിൽ മുരളി (46), പട്ടാമ്പി ഓങ്ങല്ലൂർ മാങ്ങാട്ടിൽ വീട്ടിൽ സുജിത് എന്ന സുധി (47) എന്നിവരാണ് പിടിയിലായത്. ഈ മാസം 25 ന് രാവിലെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ വെച്ച് കടമ്പഴിപ്പുറം പുഞ്ചപ്പാടം, കല്ലുപാലം വീട്ടിൽ രാധാകൃഷ്ണന്റെ 20000 രൂപയുടെ ഫോൺ ഇവർ തട്ടിപ്പറിച്ച് ഓടിയിരുന്നു. റെയിൽവേ പോലീസിൽ പരാതിലഭിച്ച ഉടൻ റെയിൽവെ സ്റ്റേഷനിലേയും മററു സ്ഥലങ്ങളിലേയും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞിരുന്നു. ഷൊർണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്. ഇവരെ പരിശോധിച്ചപ്പോൾ മോഷണം പോയ മൊബൈൽ ഫോണും, മറ്റൊരു മൊബൈൽ ഫോണും പൊലീസിന് ലഭിച്ചു. അന്വേഷണത്തിൽ ഈ ഫോൺ പഴയന്നൂർ സ്വദേശിയുടേതാണെന്ന് വ്യക്തമായി. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് തന്നെയാണ് ആ ഫോണും മോഷണം പോയത്. ഇരുവർക്കുമെതിരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും നിരവധി മോഷണ, അടിപിടി കേസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷൊർണൂർ റെയിൽവേ പോലീസ് എസ്.എച്ച്.ഒ അനിൽ മാത്യൂവിന്റെ നേതൃത്യത്തിൽ എസ്.സി.പി.ഒമാരായ സുഗീർത്ത കുമാർ, അബ്ദുൽ മജീദ്, എ.എസ്.ഐ സുരേഷ് എന്നിവരും, ആർ.പി.എഫ് സി.ഐ.ബി. എസ്.ഐ ദീപക്, എ.എസ്.ഐ എന്നിവരും സംയുക്തമായാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.