തീവ്ര വന്യമൃഗ സംഘർഷബാധിത പഞ്ചായത്തുകളായി ചിന്നക്കനാൽ, ശാന്തൻപാറ എന്നിവയെ ഉൾപ്പെടുത്തണം

Saturday 30 August 2025 1:29 AM IST

രാജാക്കാട്: കേരള വനംവകുപ്പ് മനുഷ്യവന്യജീവി സംഘർഷ ലഘൂകരണവും നിവാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് നയ സമീപന രേഖ ജില്ലയിലെ പ്രശ്നങ്ങളെ പൂർണമായും പരിഗണിക്കുന്നതല്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ എസ്. അരുൺ. വന്യമൃഗശല്യം രൂക്ഷമായ ഇടുക്കിയിലെ പഞ്ചായത്തുകളായ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളെ കൂടി തീവ്ര സംഘർഷ ബാധിത മേഖലകളായി ഉൾപ്പെടുത്തേണ്ടതുണ്ട്. നിലവിൽ മാങ്കുളം, കാന്തലൂർ പഞ്ചായത്തുകൾ മാത്രമേ ഇടുക്കി ജില്ലയിൽ നിന്നുള്ളു. രൂപരേഖയിലെ അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി വിവിധ നിർദേശങ്ങളാണ് അരുൺ വനംവകുപ്പിന് മുന്നിലേക്ക് വെച്ചത്. അക്രമ കാരികളായ കാട്ടാനകളെ ഉൾവനങ്ങളിലേക്ക് ഓടിക്കുന്നതിനും പിടികൂടി മറ്റ് വനമേഖലകളിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി നടപ്പാക്കണം. സോളാർ വേലിയും കിടങ്ങുകളും മതിലുകളുമെല്ലാം പദ്ധതിയിൽ പറയുന്നുണ്ടെങ്കിലും ഇവയെല്ലാം പൂർത്തിയായി വരുമ്പോഴേക്കും ഈ വന്യമൃഗങ്ങൾ ഇനിയും ഒട്ടേറെ ജീവനുകൾ കവരും. വന്യമൃഗ ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തിര വൈദ്യസഹായം നൽകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. ഇതിൽ പ്രധാനമായും ആർ ആർ ടി അംഗങ്ങൾക്ക് പ്രാഥമിക ചികിൽസയിലുള്ള പരിശീലനവും, വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ വനം വകുപ്പിന് ആംബുലൻസും, പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ അടിയന്തിര ഓപ്പറേഷൻ സൗകര്യവും, ഐ.സി.യു അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ്. ഇത് അതിരൂക്ഷമായി വന്യമൃഗശല്യമുള്ള കേരളത്തിലെ 30 പഞ്ചായത്തുകളിലെങ്കിലും അടിയന്തിരമായി നടപ്പാക്കണം. വനാതിർത്തിയോട് ചേർന്നുള്ള കാർഷിക മേഖലയിൽ പ്രത്യേക വിള ഇൻഷുറൻസുകൾ നടപ്പാക്കി വന്യമൃഗ ആക്രമണത്തിൽ കൃഷി നശിക്കുന്നവരുടെ നഷ്ടം നികത്താനുള്ള നടപടികളുണ്ടാകണം. കാട്ടാനകളും, പുലിയും അടക്കമുള്ളവ നഗരപ്രദേശത്ത് എത്തി തുടങ്ങി. ഈ സാഹചര്യത്തിൽ അതിതീവ്ര വന്യമൃഗ ശല്യമുള്ള പഞ്ചായത്തുകളെ അടയാളപ്പെടുത്തുന്നതിനൊപ്പം താലൂക്കുകളെ കൂടി അടയാളപ്പെടുത്തേണ്ട സ്ഥിതിയുണ്ടെന്നതും നിർദേശമായി നൽകിയതായി അരുൺ പറഞ്ഞു.