വ്യാജ പാസുപയോഗിച്ച് കടത്തിയ തേക്കുതടിയും വാഹനവും പിടിയിൽ

Saturday 30 August 2025 12:41 AM IST

പാലോട്: വ്യാജ പാസുപയോഗിച്ച് തേക്കുതടി കടത്താൻ ശ്രമിച്ച വാഹനവും തടിയും ഡ്രൈവറേയും പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറും സംഘവും പിടികൂടി. നെയ്യാറ്റിൻകര ആനാവൂർ മണ്ണടിക്കോണം റോഡരികത്ത് വീട്ടിൽ അഖിൽ, തടികടത്താൻ ശ്രമിച്ച KL - 74 D 4210 നമ്പർ ലോറി എന്നിവയാണ് പിടിയിലായത്. കോന്നി റേഞ്ച് ഓഫീസർ ഒപ്പിട്ട കടത്തുപാസ് ഉപയോഗിച്ച് ഒന്നിലധികം തവണ വിവിധ സ്ഥലങ്ങളിൽ നിന്നും തേക്ക് തടികടത്താൽ ശ്രമിച്ച സംഘമാണ് പിടിയിലായത്.

കോന്നി കുമ്മണ്ണൂരിൽ നിന്ന് വെള്ളറടയിലേക്ക് തടികൊണ്ടുപോകാനുള്ള പാസ് ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിലേക്കാണ് തേക്ക് കടത്താൻ ശ്രമിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഉരുളൻതടി തമിഴ്നാട്ടിലേക്ക് കടത്തുന്നുവെന്ന് തടിമിൽ അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 70തേക്ക് തടികളും ലോറിയും പിടിയിലായത്. കഴിഞ്ഞ ജൂണിലും ഇത്തരം ഒരു സംഘത്തെ പാലോട് വനപാലക സംഘം പിടികൂടിയിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാബു,ബിജു,ഫോറസ്റ്റ് വാച്ചർ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.