ബീഹാറിൽ 3 ലക്ഷം വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്, കുടിയേറ്രക്കാരുടെ പക്കൽ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ
ന്യൂഡൽഹി: തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബീഹാറിലെ മൂന്നു ലക്ഷത്തിൽപ്പരം വോട്ടർമാർക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർക്ക് അടക്കമാണ് നോട്ടീസെന്നാണ് സൂചന. തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയിൽ ഇവരുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. അനധികൃത കുടിയേറ്രക്കാരുടെ പക്കൽ ഇന്ത്യയിലെ തിരിച്ചറിയൽ കാർഡുകളും കണ്ടെത്തിയെന്നാണ് വിവരം. ആധാർ കാർഡ്, റേഷൻ കാർഡ്, താമസ സർട്ടിഫിക്കറ്ര് എന്നിവ കണ്ടെത്തി. ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, മധുബനി, കിഷൻഗഞ്ച്, പൂർണിയ, കട്ടിഹർ, അരാരിയ, സുപൗൽ ജില്ലകളിലാണ് ക്രമക്കേടുകൾ ഏറെയും. ഏഴു ദിവസത്തിനകം അധികൃതർക്ക് മുന്നിൽ ഹാജരാകുകയും വിശദീകരണം നൽകുകയും വേണം. രേഖകൾ സംബന്ധിച്ച കമ്മിഷന്റെ സംശയങ്ങളിൽ വ്യക്തത വരുത്തണം. ആഗസ്റ്റ് 1 മുതലാണ് രേഖകളുടെ പരിശോധന ആരംഭിച്ചത്. ഇന്ന് അവസാനിക്കും.
സുപ്രീംകോടതി
തിങ്കളാഴ്ച പരിഗണിക്കും
ബീഹാറിലെ കരടു വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്ക് എതിർപ്പ് അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ആർ.ജെ.ഡിയാണ് ഹർജി നൽകിയത്. സമയപരിധി സെപ്‌തംബർ ഒന്നിൽ നിന്ന് 15ലേക്ക് നീട്ടണമെന്നാണ് ആവശ്യം. വോട്ടർ പട്ടികയിൽ ഇടം നൽകാൻ ആധാർ കാർഡ് സ്വീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിന് ശേഷം കമ്മിഷന് മുന്നിൽ അപേക്ഷ നൽകിയവരുടെ എണ്ണം വർദ്ധിച്ചെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് ആർ.ജെ.ഡിയുടെ ആവശ്യം.