മോദിയേയും മാതാവിനെയും അധിക്ഷേപിച്ചു, രാഹുൽ മാപ്പ് പറയണം: ഷാ, പാട്നയിൽ ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ  ഏറ്റുമുട്ടി

Saturday 30 August 2025 12:23 AM IST

ന്യൂഡൽഹി: ബീഹാറിൽ വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മകനെ വളർത്തി ജനങ്ങളുടെ നേതാവാക്കിയ ഒരമ്മയെക്കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാനാവില്ലെന്നും ഷാ പറഞ്ഞു. ഇതിനിടെ മോദിക്കും അമ്മയ്ക്കുമെതിരായ പരാമർശത്തിന്റെ പേരിൽ രാഹുലിനെതിരെ ബി.ജെ.പി കേസ് നൽകി. ബി.ജെ.പി നേതാവ് കൃഷ്ണ സിംഗ് കല്ലുവിന്റെ പരാതിയിൽ പാട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുലിന്റെ വോട്ടർ അധികാർ യാത്ര നിറുത്തിവയ്ക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. രാഹുൽ മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ തുടർച്ചയായി മോശം പരാമർശങ്ങൾ നടത്തുന്നതായും ബി.ജെ.പി ആരോപിച്ചു.

അതിനിടെ മോദിക്കും അമ്മയ്ക്കുമെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പാട്ന നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. തെരുവിൽ ഡസൻകണക്കിന് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ബീഹാറിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിന് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് റിസ്‌വി(20) അറസ്റ്റിൽ. ദർഭംഗയിലെ സിംഘ്വാരയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ബി.ജെ.പി ദർഭംഗ ജില്ലാ പ്രസിഡന്റ് ആദിത്യ നാരായൺ ചൗധരി നൽകിയ പരാതിയിലാണ് കേസെടുത്തത്. വോട്ടർ അധികാർ യാത്ര‌യ്‌ക്കായി ദർഭംഗ ടൗണിൽ തയ്യാറാക്കിയ വേദിയിൽ നിന്ന് ഒരാൾ ഹിന്ദിയിൽ മോദിയെക്കുറിച്ച് മോശം പറയുന്ന വീഡിയോയാണ് പരാതിക്ക് അടിസ്ഥാനം. ഇതേ വേദിയിൽ നിന്നാണ് ബുധനാഴ്ച രാഹുൽ, സഹോദരി പ്രിയങ്കാ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവർ ബൈക്കിൽ മുസാഫർപൂരിലേക്ക് പുറപ്പെട്ടത്.