വിവാദത്തിനിടെ ജസ്റ്റിസ് പഞ്ചോലി ചുമതലയേറ്റു

Saturday 30 August 2025 12:39 AM IST

ന്യൂഡൽഹി: കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പിനെ തുടർന്ന് വിവാദത്തിൽപ്പെട്ട ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലി ഇന്നലെ സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.

സീനിയോറിറ്റി മറി കടന്ന് പഞ്ചോലിക്ക് നിയമനം നൽകരുതെന്നാവശ്യപ്പെട്ട ജസ്റ്റിസ് നാഗരത്ന ഉൾപ്പെടെ മുഴുവൻ സുപ്രീം കോടതി ജഡ്‌ജിമാരും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, എല്ലാ ഒഴിവുകളും നികന്ന് സുപ്രീം കോടതിക്ക് അനുവദിച്ചിട്ടുള്ള 34 എന്ന അംഗബലത്തിലെത്തി. അതേ സമയം, നാഗരത്നയുടെ വിയോജിപ്പിന് പിന്തുണയുമായി സുപ്രീംകോടതിയിലെ നാല് വനിതാ അഭിഭാഷക‍ർ രംഗത്തെത്തി.