ആർപ്പോ... ഇർറോ... കുതിച്ചു വാ ടീമേ

Saturday 30 August 2025 2:05 AM IST

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് , പ്രതീക്ഷയുടെ നയമ്പെറിഞ്ഞ് നാല്കോട്ടയം ടീമുകൾ

കോട്ടയം: ഓളപ്പരപ്പിലെ ഒളിമ്പികസ് എന്ന് വിശേഷിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി പോരാട്ടത്തിലെ ചമ്പ്യൻപട്ടം ലക്ഷ്യമിട്ട് ഇന്ന് പുന്നമടക്കായലിൽ പ്രതീക്ഷയുടെ തുഴയെറിഞ്ഞ് നാല് കോട്ടയം ടീമുകൾ. കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലും ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പമ്പൻ ചുണ്ടനിലും( പഴയ ഇല്ലിക്കളം ),​ ചങ്ങനാശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും,​ വെള്ളൂർ ബോട്ട് ക്ലബ്ബ് ആലപ്പാടൻ ചുണ്ടനിലുമാണ് നയമ്പെറിയുന്നത്. ഒരുമാസത്തോളം നീണ്ട തീവ്രപരിശീലനം പൂർത്തിയാക്കിയാണ് ടീമുകൾ ഇന്ന് പുന്നമടയിൽ പോരിനിറങ്ങുക.

ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ടോണി അച്ചായൻ ക്യാപ്റ്റനായുള്ള കുമരകം ടൗൺബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ മത്സരത്തിന് ഒരുങ്ങുന്നത്.

ജിഫി ഫിലിക്സാണ് നടുവിലേപ്പറമ്പൻ ചുണ്ടന്റെ (പഴയ ഇല്ലിക്കളം) ഉടമയും അതിൽ തുഴയുന്ന ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ക്യാപ്റ്റനും . വലിയ പ്രതീക്ഷയാണ് പഴയ എൻ.സി.ഡി.സി ടീം അംഗങ്ങൾ അടങ്ങുന്ന ടീമിനുള്ളത്. പല തവണ നെഹ്‌റു ട്രോഫി നേടിയിട്ടുള്ള ചമ്പക്കുളം ചുണ്ടനിൽ എത്തുന്ന ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ സണ്ണിതോമസ് ഇടിമണ്ണിക്കലാണ്. കിടങ്ങറ ആറ്റിൽ തീവ്രപരിശീലനം പൂർത്തിയാക്കിയ ടീമും പ്രതീക്ഷയിലാണ്. ആലപ്പാടൻ ചുണ്ടനിൽ കുതിക്കാനൊരുങ്ങുന്ന വെള്ളൂർ ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ പി.വി രാജുവാണ്.

പള്ളാത്തുരുത്തി കടമ്പ

അരഡസനിലേറെ ടീമുകൾ ഒരു മാസം മുമ്പേ തീവ്രപരിശീലനം തുടങ്ങിയതിനാൽ ഈ വർഷം കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഡബിൾ ഹാട്രിക്ക് നേടാൻ അരയുംതലയും മുറുക്കി രംഗത്തുണ്ട്. അതു സമ്മതിക്കില്ലെന്നുറപ്പിച്ചാണ് മറ്റു ടീമുകളും എന്നതിനാൽ തീപാറും പോരാട്ടമായിരിക്കും.

കായികക്ഷമത പരിശോധിച്ച് 125 അംഗ ടീം രൂപീകരിച്ചു ഒരു മാസം മുമ്പേ പരിശീലനം തുടങ്ങി ഓരോ ദിവസവും സമയം മെച്ചപ്പെടുത്തി. ഈ വർഷം ഞങ്ങൾ നടത്തിയ മുന്നൊരുക്കത്തിന് നെഹ്‌റു ട്രോഫി കിട്ടിയേതീരൂ .

വി.എസ്. സുഗേഷ് പ്രസിഡന്റ് കുമരകം ടൗൺബോട്ട് ക്ലബ്

പുണ്യാളനും പിള്ലേരും റെഡി

പുന്നമടയിൽ പായാൻ സെന്റ് പയസ് ടെൻത് വള്ളവും പ്രതീക്ഷയോടെ അണിഞ്ഞൊരുങ്ങി. 13 ദിവസത്തെ പരീശീലനം പൂർത്തിയാക്കിയാണ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ മത്സരത്തിനായി വള്ലം അണിയിച്ചൊരുക്കിയത്. പ്രവാസി മലയാളിയും ഹോളിവുഡ് സിനിമ നിർമ്മാതാവുമായ കാവാലം സജിയാണ് ക്യാപ്റ്റൻ. അന്യസംസ്ഥാനക്കാരായ തുഴച്ചിൽകാരെ പൂർണ്ണമായും ഒഴിവാക്കിയാണ് ടീം സജ്ജമാക്കിയത്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ഉൾപ്പെടെ മികച്ച തുഴച്ചിൽക്കാരാണ് വള്ളത്തിൽ അണിനിരക്കുക. 25 വയസാമ് തുഴച്ചിൽതാരങ്ങളുടെ ശരാശരിപ്രായം. തുഴച്ചിൽക്കാർക്ക് ആത്മവിശ്വാസം പകർന്ന് ക്യാപ്റ്റൻ കാവാലം സജി മുഴുവൻ സമയവും ക്യാമ്പിലുണ്ട്.