യെമനിൽ വ്യോമാക്രമണം --- ഹൂതി പ്രധാനമന്ത്രിയെ വധിച്ച് ഇസ്രയേൽ

Saturday 30 August 2025 6:50 AM IST

ടെൽ അവീവ്: യെമനിലെ ഹൂതി വിമത ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അഹ്‌മ്മദ് അൽ-റഹാവി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. തലസ്ഥാനമായ സനായിൽ അഹ്‌മ്മദ് തങ്ങിയ അപ്പാർട്ട്മെന്റ് ഇസ്രയേൽ ബോംബിട്ട് തകർത്തെന്ന് യെമനീസ് മാദ്ധ്യമങ്ങൾ പറയുന്നു. അഹ്‌മ്മദിനൊപ്പം നിരവധി ഉന്നത ഹൂതി നേതാക്കളും കൊല്ലപ്പെട്ടു. വാർത്ത ഇസ്രയേലോ ഹൂതികളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ,ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ അറിയിച്ചു.

ഹൂതികളുടെ ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൾ അൽ കരീം അൽ ഗമാരി,പ്രതിരോധ മന്ത്രി അസാദ് അൽ ഷർഖാബി എന്നിവരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൂതി നേതാക്കൾ ഉന്നതതല യോഗം ചേരവേയാണ് ഇസ്രയേലിന്റെ ആക്രമണം. പരമോന്നത നേതാവായ അബ്ദുൾ മാലിക് അൽ ഹൂതിയുടെ ടെലിവിഷൻ അഭിസംബോധ കാണാൻ സനായിലെ പലയിടങ്ങളിലായി ഹൂതി നേതാക്കൾ ഒത്തുകൂടിയിരുന്നു. ഇത് ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി.

ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇസ്രയേലിനെതിരെ ഇവർ ഒന്നിലേറെ മിസൈലാക്രമണം നടത്തിയിരുന്നു. ഇതോടെ ഞായറാഴ്ചയാണ് ഇസ്രയേൽ തിരിച്ചടി തുടങ്ങിയത്. മിലിട്ടറി ബേസുകളും എണ്ണ, ഊർജ്ജ കേന്ദ്രങ്ങളും തകർത്തിരുന്നു.

ആരാണ് ഹൂതികൾ

 യെമനിലെ ഷിയാ ന്യൂനപക്ഷമായ സെയ്ദികളുടെ ഉപവിഭാഗത്തിന്റെ സായുധ സംഘം. ഇറാന്റെ പിന്തുണ. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും സഖ്യ കക്ഷി

 1990കളിൽ അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അഴിമതിക്കെതിരെ രൂപീകരിച്ചു

 സൗദി പിന്തുണയോടെ സാലിഹ് 2003ൽ ഹൂതികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

 ഹൂതികൾ യെമൻ സർക്കാരിനെതിരെ 2014 മുതൽ ആഭ്യന്തര യുദ്ധത്തിൽ

 2014 മുതൽ സനാ അടക്കം വടക്കൻ യെമൻ നിയന്ത്രിക്കുന്നു

 ഹൂതികളുടെ ഭരണ സംവിധാനമായ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ ചെയർമാൻ മഹ്ദി അൽ-മഷാദിന് താഴെയാണ് പ്രധാനമന്ത്രി

 അതേസമയം,​ തെക്കൻ നഗരമായ ഏദൻ ആസ്ഥനമാക്കി അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഭരിക്കുന്നു. ഇതിന്റെ പ്രസിഡന്റ് റഷാദ് അൽ-അലിമി

 അറബ് കൂട്ടായ്മ ഹൂതികൾക്കെതിരെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്‌ക്കുന്നു