ഇസ്രയേലുമായുള്ള വ്യാപാര ബന്ധം വിച്ഛേദിച്ച് തുർക്കി

Saturday 30 August 2025 6:50 AM IST

അങ്കാറ: ഇസ്രയേലുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിച്ചെന്ന് തുർക്കി. ഇസ്രയേലിന്റെ ഔദ്യോഗിക വിമാനങ്ങൾക്കും ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന വിമാനങ്ങൾക്കും തുർക്കിയുടെ വ്യോമപരിധിയിൽ വിലക്കേർപ്പെടുത്തി.

ഇസ്രയേലി കപ്പലുകളെ തുർക്കിയിലെ തുറമുഖങ്ങളിൽ നിരോധിച്ചു. തുർക്കി കപ്പലുകൾ ഇസ്രയേലി തുറമുഖങ്ങളിലേക്ക് സഞ്ചരിക്കരുതെന്നും വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ അറിയിച്ചു. ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള നയതന്ത്ര ഭിന്നത രൂക്ഷമായതോടെയാണ് തുർക്കിയുടെ നീക്കം.

അതേ സമയം, ഹമാസിന്റെ പിടിയിലിക്കെ കൊല്ലപ്പെട്ട രണ്ട് ബന്ദികളുടെ മൃതദേഹം ഇസ്രയേൽ സൈന്യം ഇന്നലെ ഗാസയിൽ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 63,000 കടന്നു. പട്ടിണി മരണം 322 ആയി.