ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ യുവ ഡോക്ടർ ഹൃദയാഘാതംമൂലം മരിച്ചു, കുഴഞ്ഞുവീണത് രോഗികളെ പരിശോധിക്കുന്നതിനിടെ
ചെന്നൈ: ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധനായ യുവ ഡോക്ടർ രോഗികളെ പരിശോധിക്കുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചു. സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ.ഗ്രാഡ്‌ലിൻ റോയിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹപ്രവർത്തകർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
നീണ്ട ജോലിസമയവും അധികം സമ്മർദവുമാണ് റോയിയുടെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള യുവ ഡോക്ടർമാർ കുഴഞ്ഞുവീണുമരിക്കുന്നത് ഏറിവരികയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 'ഡോക്ടർമാർ പലപ്പോഴും ഒരുദിവസം 12-18 മണിക്കൂർ ജോലിചെയ്യുന്നു. ചിലപ്പോൾ ഒരുഷിഫ്റ്റിൽ 24 മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്നു. ഇത് കടുത്ത സമ്മർദത്തിന് ഇടയാക്കുന്നു. കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് പ്രധാനകാരണം ഇതാണ്'-ഡോക്ടർമാർ പറയുന്നു.
അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമത്തിന്റെ അഭാവം, ഇടയ്ക്കിടെ ആരോഗ്യപരിശോധനകൾ നടത്താത്തത് തുടങ്ങിയ കാരണങ്ങളാണ് ഹൃദയപ്രശ്നങ്ങൾ കൂടിവരുന്നതിന് പ്രധാനകാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ കുഴഞ്ഞുവീണ് മരിക്കുന്ന യുവാക്കളുടെ എണ്ണം അടുത്തകാലത്തായി കൂടിവരികയാണ്. അമിത വ്യായാമവും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുന്നുണ്ട്.