തുമ്പിക്കൈ നീട്ടിയ കാട്ടാനയ്ക്ക് ബിയർ ഒഴിച്ചുകൊടുത്തു, വൈറലാകാൻ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി

Saturday 30 August 2025 12:40 PM IST

നെയ്‌റോബി: ആഫ്രിക്കൻ കാട്ടാനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ചുകൊടുത്ത സ്‌പാനിഷ് വിനോദസഞ്ചാരിക്കെതിരെ അന്വേഷണം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വിനോദസഞ്ചാരിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. വന്യജീവി സങ്കേതത്തിലെ കാട്ടാനയ്ക്കാണ് യുവാവ് ബിയർ നൽകിയത്. അതിനോടൊപ്പം തന്നെ കാണ്ടാമൃഗങ്ങൾക്ക് ക്യാരറ്റ് കഴിക്കാൻ കൊടുക്കുന്ന ചിത്രങ്ങളും ഇയാൾ പങ്കുവച്ചിരുന്നു.

വിമർശനങ്ങൾ ഉയർന്നതോടെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ഇതിനകം തന്നെ വീഡിയോ മറ്റ് പലരും വീണ്ടും പങ്കുവച്ചിരുന്നു. യുവാവിനെതിരെ കെനിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കെനിയയില്‍ വന്യജീവി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന @skydive_kenya എന്ന വിനോദ സഞ്ചാരി ഗ്രൂപ്പിലാണ് വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടത്.

ആഫ്രിക്കന്‍ കാട്ടാനയുടെ മുന്നില്‍ വച്ച് യുവാവ് ഒരു ക്യാന്‍ ബിയർ കുടിക്കുന്നു. ഇതിനിടെ ഭക്ഷണത്തിന്റെ മണം കിട്ടിയ കാട്ടാന തുമ്പിക്കൈ ബിയർ ക്യാനിന് നേരേ നീട്ടുന്നു. ഈ സമയം ഇയാൾ ബാക്കിയുണ്ടായിരുന്ന ബിയര്‍ ആനയുടെ തുമ്പിക്കൈയിലേക്ക് ഒഴിച്ച് കൊടുക്കുന്നത് കാണാം. ഇത്തരത്തിലുളള നിരവധി വീഡിയോകളും ഫോട്ടോകളും ഇപ്പോഴും ഇയാളുടെ സോഷ്യൽ മീഡിയ പേജിലുണ്ട്. ജിറാഫിന് ചൂട് ചായ കൊടുക്കുന്നതിന്റെ ചിത്രങ്ങളും യുവാവ് പങ്കുവച്ചിട്ടുണ്ട്.