എസ്എൻഡിപി നേതാക്കൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു; യൂണിയൻ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം, ജനൽച്ചില്ലുകൾ തകർത്തു

Saturday 30 August 2025 12:48 PM IST

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ നേതാക്കൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരന്റെ വീട്ടിലെ ജനൽ ചില്ലുകൾ ഇന്നലെ അർദ്ധരാത്രി 12. 45ന് അടിച്ചുതകർത്തു. സംഭവ സമയത്ത് കുരുംബയിലെ മീത്തലെ മഠത്തിൽ ദാമോദരനും ഭാര്യയും വീട്ടിലുണ്ടായിരുന്നു.

ശബ്ദം കേട്ട് ഇവർ വാതിൽ തുറന്നപ്പോഴേക്കും അക്രമികൾ ഓടിപ്പോയി. വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. സിസിടിവി ക്യാമറയും തകർത്തു. വടകര പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

മുമ്പും ഇദ്ദേഹത്തിന്‌ നേരെ അക്രമമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഒരിക്കൽ വടകര ടൗണിൽ വെച്ച് ദാമോദരനെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കൂടാതെ വീടിന് നേരെ അക്രമവും ഉണ്ടായിട്ടുണ്ട്. യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രന്റെ മേപ്പയിലെ വീട്ടിലും ചെക്കോട്ടി ബസാറിലെ മകന്റെ ഭാര്യയുടെ വീട്ടിലും യൂണിയൻ വൈസ് പ്രസിഡന്റ് ഹരിമോഹന്റെ വീടിനും കാറിനും നേര ആക്രമണമുണ്ടായിട്ടുണ്ട്.

എസ്. എൻ.ഡി. പി നേതാക്കൾക്കെതിരെ ഇത് എട്ടാം തവണയാണ് അക്രമങ്ങൾ ഉണ്ടാവുന്നത്. പി എം രവീന്ദ്രന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഹരിമോഹൻ, ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്, കൗൺസിലർമാരായ ജയേഷ് വടകര, വിനോദൻ മാസ്റ്റർ, അനിൽ വൃന്ദാവനം, ശാഖ സെക്രട്ടറിമാരായ പ്രമോദ് ചോറോട്, ദിനേഷ് മേപ്പയിൽ, ഉണ്ണി നടക്കുതാഴ, മുരളി നടക്കുതാഴ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.