പ്രസാദത്തെച്ചൊല്ലി വഴക്ക്, ക്ഷേത്ര ജീവനക്കാരനെ പട്ടാപ്പകൽ തല്ലിക്കൊന്നു

Saturday 30 August 2025 2:37 PM IST

ന്യൂഡൽഹി: പ്രസാദത്തെ ചൊല്ലിയുള്ള തർക്കത്തിൽ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു.‌‌ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശി യോഗേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. 15 വർഷമായി ഇയാൾ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. മൂന്ന് യുവാക്കൾ ചേർന്നാണ് ഇയാളെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ക്ഷേത്ര ദർശനം നടത്തിയ ശേഷം പ്രതികൾ പ്രസാദത്തിനായി ജീവനക്കാരനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. പിന്നീട് ജീവനക്കാരനും യുവാക്കളും തമ്മിൽ ചൂടേറിയ തർക്കത്തിലേക്ക് വഴിമാറുകയായിരുന്നു. തർക്കം അക്രമാസക്തമായി മാറുകയും യുവാക്കൾ വടികളുപയോഗിച്ചു തല്ലുകയും ഇടിക്കുകയും ചെയ്തു. നാട്ടുകാർ ഓടികൂടിയതോടെ ഇവർ ഓടിരക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദക്ഷിൺപുരി നിവാസിയായ അതുൽ പാണ്ഡെയെ (30)​ സംഭവസ്ഥലത്ത് വച്ച് തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. രക്ഷപ്പെട്ട മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.