വെൽ ഡൺ ദുൽഖർ

Sunday 31 August 2025 6:00 AM IST

ധീരമായ കാൽ വയയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ലോക, ചാപാടർ 1 ചന്ദ്രകേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും കൊടുങ്കാറ്റാവുകയാണ് .ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമായി വമ്പൻ കാൻവാസിൽ, ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിന്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫെറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്.പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ഡൊമിനിക് അരുണിന് സാധിച്ചു.

ഇതൊരു മലയാള ചിത്രം തന്നെയാണോ എന്ന് തോന്നിക്കുന്ന രീതിയിൽ ഞെട്ടിക്കുന്ന നിലവാരത്തിൽ ദൃശ്യങ്ങൾ സമ്മാനിച്ച നിമിഷ് രവി എന്ന ഛായാഗ്രാഹകനും ലോകയുടെ കഥ നടക്കുന്ന രസകരവും മനോഹരവുമായി രഹസ്യങ്ങൾ നിറഞ്ഞതുമായ ലോകം ഗംഭീരമായി ഒരുക്കിയെടുത്ത ബംഗ്ലാൻ എന്ന പ്രൊഡക്ഷൻ ഡിസൈനറും, ജിത്തു സെബാസ്റ്യൻ എന്ന കലാസംവിധായകനും വിജയത്തിൽ വഹിച്ച പങ്ക് മറക്കാൻ സാധിക്കാത്തതാണ്. ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് നൽകിയ താള അഭിനന്ദിക്കപ്പെടേണ്ടതാണ്. ചമൻ ചാക്കോയുടെ കൃത്യതയാർന്ന എഡിറ്റിംഗും, യാനിക് ബെൻ ഒരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

ടൈറ്റിൽ വേഷത്തിൽ കല്യാണി പ്രിയദർശൻ കാഴ്ച വെക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. നസ്‌ലൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നു.

.