'അടുത്ത മുഖ്യമന്ത്രി ഞാന്‍ തന്നെ', പ്രഖ്യാപനം രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തി

Saturday 30 August 2025 8:06 PM IST

പട്‌ന: ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രി താന്‍ തന്നെയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടയിലെ പൊതുപരിപാടിയിലാണ് സംഭവം. അടുത്തിടെ രാഹുല്‍ ഗാന്ധിയോട് ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി ആയിരിക്കുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍, അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. തേജസ്വി ഈ പ്രഖ്യാപനം നടത്തുമ്പോള്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വേദിയിലുണ്ടായിരുന്നു.

ആരയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ തേജസ്വി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹത്തെ 'കോപ്പികാറ്റ് മുഖ്യമന്ത്രി' എന്നാണ് തേജസ്വി വിളിച്ചത്. നിതീഷ് തന്റെ നയങ്ങള്‍ പകര്‍ത്തിയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നും തേജസ്വി ആരോപിച്ചു. തേജസ്വി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പിന്നാലെയുണ്ടെന്നും ഒറിജിനല്‍ മുഖ്യമന്ത്രിയെയാണോ അതോ ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രിയെയാണോ നിങ്ങള്‍ക്ക് വേണ്ടതെന്നും തേജസ്വി ജനങ്ങളോട് ചോദിച്ചു.

സഖ്യത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും ബിഹാറില്‍ തങ്ങളാണ് വലിയ കക്ഷിയെന്ന സൂചനയാണ് തേജസ്വി നല്‍കിയത്. യാത്രയില്‍ രാഹുലിന് ഒപ്പം സജീവമായി പങ്കെടുക്കുന്നുണ്ട് തേജസ്വിയും. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രത്യക്ഷമായി പ്രശ്‌നങ്ങളില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് പരസ്യമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസും രാഹുലും മടിക്കുന്നത് നേരിയതോതില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

സീറ്റ് വിഭജന ചര്‍ച്ചകളുമായി ബന്ധപ്പെട്ടായിരിക്കാം തേജസ്വിയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ആര്‍ജെഡി തയ്യാറാകുമോയെന്നതാണ് പ്രധാന പ്രശ്നം. 2020 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 19 സീറ്റുകള്‍ മാത്രമേ നേടിയുള്ളൂ. 75 സീറ്റുകളുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്നിട്ടും കോണ്‍ഗ്രസിന്റെ മോശം പ്രകടനം സഖ്യത്തെ ബാധിച്ചു. ഇത്തവണയും 70 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.