നിരന്തരം അവഗണനയെന്ന് പരാതി, സി കെ ജാനു എൻഡിഎ വിട്ടു, മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപണം

Saturday 30 August 2025 8:53 PM IST

കോഴിക്കോട് : ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ,​പി )​ എൻ.ഡി.എ വിട്ടു. എൻ.ഡി.എയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടതായി സി.കെ. ജാനു പറഞ്ഞു. ഇതേത്തുടർന്നാണ് ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എൻ.ഡി.എയിൽ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

ഇന്ന് കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എൻ.ഡി.എ വിടാൻ തീരുമാനിച്ചത്. മറ്റു മുന്നണികളുമായി സഹകരിക്കുന്ന കാര്യത്തിലടക്കം പിന്നീട് തീരുമാനമെടുക്കും. ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്ന് ജാനു അറിയിച്ചു. നിലവിൽ എൻ.ഡി,​എ മുന്നണിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. തുടർന്ന് പാർട്ടി ശക്തമായി പ്രവർത്തന ക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകൾ തുടങ്ങാനും കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്നും ജാനു പ്രസ്താവനയിൽ അറിയിച്ചു.