പൊലീസ് വലവിരിച്ചു; അനൂപ് മാലിക്ക് കാഞ്ഞങ്ങാട് കീഴടങ്ങി 

Saturday 30 August 2025 9:54 PM IST

കാസർകോട്: പൊലീസ് സംഘം വലമുറുക്കിയതോടെ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ സ്ഫോടന കേസിലെ പ്രതി കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്ക് ഹൊസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ മുമ്പാകെ കീഴടങ്ങി. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് ഇയാൾ നാടകീയമായി പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്ന് ഇൻസ്‌പെക്ടർ മുമ്പാകെ കീഴടങ്ങിയത്.

ഇൻസ്‌പെക്ടർ പി. അജിത് കുമാർ ചോദ്യം ചെയ്തതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി എട്ടര മണിയോടെ കണ്ണപുരം പൊലീസിന് കൈമാറി. സംഭവത്തിന് ശേഷം ഇന്നലെ ഉച്ചമുതൽ അനൂപ് മാലിക്കിന്റെ ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ എത്തിയ കണ്ണപുരത്തെ അന്വേഷണസംഘം ഹൊസ്ദുർഗ് പൊലീസിന്റെ സഹായം തേടിയിരുന്നു. തുടർന്ന് കണ്ണപുരം, ഹൊസ്ദുർഗ് പൊലീസ് സംഘങ്ങൾ കാഞ്ഞങ്ങാട് നഗരവും പരിസരവും അരിച്ചുപെറുക്കി. നഗരത്തിൽ തിരച്ചിൽ നടത്തുന്നതിന് ഇടയിലാണ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

കണ്ണപുരം സംഭവത്തിൽ കേസെടുത്തതോടെയാണ് അനൂപ് മാലിക് കാഞ്ഞങ്ങാട്ടെ സുഹൃത്തായ രാജന്റെ സഹായം തേടിയെത്തിയതായിരുന്നു. എന്നാൽ സുഹൃത്തിനെ കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ അന്വേഷണസംഘവും കാഞ്ഞങ്ങാട് എത്തിയതോടെ കീഴടങ്ങുക മാത്രമായിരുന്നു ഈയാൾക്ക് മുന്നിലുണ്ടായിരുന്ന വഴി.

സ്ഫോടനം നടന്ന സമയത്ത് കണ്ണപുരത്തെ ജിമ്മിലായിരുന്നു ഈയാൾ. കർണാടകയിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞ് മുൻകൂർ ജാമ്യം നേടുക എന്നതായിരുന്നു ഈയാളുടെ ലക്ഷ്യം.നേരത്തെയുണ്ടായ കേസുകളിലെല്ലാം ഈ രീതിയായിരുന്നു ഇയാൾ പിന്തുടർന്നത്.