വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ മദ്യം മറിച്ചുവിറ്റു: കസ്റ്റംസ് അന്വേഷണം തുടങ്ങി

Sunday 31 August 2025 3:09 AM IST

കൊച്ചി: യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ചോർത്തി വിദേശമദ്യം മറിച്ചുവിറ്റ ഡ്യൂട്ടിഫ്രീ ഷോപ്പിനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. കൊച്ചിയിലെ കമ്മിഷണറേറ്റ് ഒഫ് കസ്റ്റംസിന്റെ (പ്രിവന്റീവ്) പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ യാത്രക്കാരിൽനിന്ന് ആദ്യപടിയായി വിശദാംശങ്ങൾ ശേഖരിച്ചു.

കേരളത്തിലെ ഒരു വിമാനത്താവളത്തിൽ പ്രവ‌ർത്തിക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പാണ് രണ്ട് മാസമായി തട്ടിപ്പ് നടത്തുന്നത്. വിമാനയാത്രക്കാർ എത്തുമ്പോൾ സൗജന്യമായി ശീതളപാനീയങ്ങളും മറ്റും നൽകി സത്കരിക്കുകയും പാസ്പോർട്ട് വാങ്ങി സ്കാൻചെയ്ത് മടക്കിനൽകുകയും ചെയ്യും. തുടർന്ന് അവരുടെ അറിവും സമ്മതവുമില്ലാതെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് അളവിലധികം മദ്യം നൽകുകയാണ് പതിവെന്ന് കസ്റ്റംസ് കണ്ടെത്തി.

നിയമാനുസൃതം 2ലിറ്റർ വിദേശമദ്യമാണ് യാത്രക്കാരന് അനുവദനീയമായുള്ളത്. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് രണ്ട് ലിറ്ററിലധികം മദ്യം നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിക്കുന്നത്,

ആദ്യഘട്ടത്തിൽ ഒക്യുറൻസ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷമാണ് യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. അടുത്തഘട്ടത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രബലകക്ഷികൾക്ക് പങ്കാളിത്തമുള്ള ഷോപ്പായതിനാൽ കരുതലോടെയാണ് കസ്റ്റംസ് അധികൃതർ നീങ്ങുന്നത്. ഏതാനും വർഷംമുമ്പ് കേരളത്തിലെ ഒരു വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് മദ്യം പൊതുജനങ്ങൾക്ക് മറിച്ചുവിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചിരുന്നു.